സുധാകരന്റെ പുതിയ വെളിപ്പെടുത്തലില്‍ ദുസ്സൂചനകളേറെ

ബഷീര്‍   പാമ്പുരുത്തി

കണ്ണൂര്‍: ബിജെപിയിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്നും അമിത് ഷായുടെ ദൂതന്‍മാര്‍ രണ്ടുതവണ തന്നെ വന്നു കണ്ടിരുന്നുവെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വെളിപ്പെടുത്തതില്‍ ദുസ്സൂചനകളേറെ.
നേരത്തെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇതേ ആരോപണവുമായി രംഗത്തെത്തിയപ്പോഴും വാര്‍ത്തകളുണ്ടായപ്പോഴും നിഷേധിക്കുകയോ മൗനംപാലിക്കുകയോ ചെയ്ത സുധാകരന്റെ പൊടുന്നനെയുള്ള വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ്- യുഡിഎഫ് ക്യാംപിനെ വെട്ടിലാക്കിയിരിക്കുകയാണ്. മാത്രമല്ല, ബിജെപിയിലേക്കു പോവണമെന്നു തോന്നിയാല്‍ താന്‍ പോവുമെന്നും അതിന് ആരുടെയും അനുവാദം വേണ്ടെന്നും സുധാകരന്‍ പറയുന്നുണ്ട്. ശുഹൈബ് വധക്കേസിലൂടെ കെ സുധാകരന്‍, സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ ആരോപണങ്ങള്‍ ശരിവച്ചുകൊണ്ടുള്ള സുധാകരന്റെ സമ്മതം രാഷ്ട്രീയ ആയുധമാക്കാനാണു സിപിഎമ്മിന്റെ നീക്കം. വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം മാത്രമല്ല, മുസ്്‌ലിംലീഗും ബിജെപിയുമെല്ലാം ഇതിനു മറുപടി പറയാന്‍ നിര്‍ബന്ധിതരാവും.
പ്രത്യേകിച്ച് ശുഹൈബ് വധക്കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സുധാകരന്‍ നടത്തിയ രാപ്പകല്‍ നിരാഹാര സമരത്തിന് ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി ഉള്‍പ്പെടെ വന്ന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച പശ്ചാത്തലത്തില്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്നു പ്രമുഖ നേതാക്കളെ തങ്ങള്‍ക്കൊപ്പമെത്തിച്ച് അധികാരത്തിലെത്തിയ ഉത്തരേന്ത്യന്‍ മോഡല്‍ തന്ത്രമാണു സംഘപരിവാരം കേരളത്തിലും ലക്ഷ്യമിടുന്നതെന്ന് ഇതില്‍നിന്നു വ്യക്തമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ മോദി അധികാരത്തിലെത്തിയ ശേഷം ബിജെപിയിലേക്ക് ചേക്കേറിയിരുന്നു.
ഇതേ തന്ത്രമാണ് ആര്‍എസ്എസ് നിര്‍ദേശപ്രകാരം കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തെ 19 നേതാക്കളുമായി അമിത്ഷായുടെ ദൂതന്‍മാര്‍ രഹസ്യ ചര്‍ച്ച നടത്തിയതായാണു വിവരം. കണ്ണൂരില്‍ സിപിഎമ്മിനെതിരേ ആരുമായും പരോക്ഷമായി സഹകരിക്കുന്ന നേതാവാണ് കെ സുധാകരനെന്നു മനസ്സിലാക്കിയാണ് കണ്ണൂരിലെ ഒരു പ്രമുഖ ബിജെപി നേതാവ് വഴിയും രഹസ്യ ചര്‍ച്ച നടത്തിയത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ ലക്ഷ്യമിട്ടാണോ സുധാകരന്റെ വെളിപ്പെടുത്തലെന്നും സംശയമുയര്‍ത്തുന്നുണ്ട്.

RELATED STORIES

Share it
Top