സുദാനിലെ റഫൂഖ ഗ്രാമം ഖത്തര്‍ ചാരിറ്റി സന്ദര്‍ശിച്ചു

ദോഹ: അനാഥര്‍ക്കായി സുദാനില്‍ നിര്‍മിക്കുന്ന റഫൂഖ ഗ്രാമം ഖത്തര്‍ ചാരിറ്റി പ്രതിനിധികള്‍ സന്ദര്‍ശിച്ചു. പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായാണ് സംഘം ഗ്രാമം സന്ദര്‍ശിച്ചത്. 3.2 കോടി ഖത്തര്‍ റിയാല്‍ ചെലവിലാണ് ഖത്തര്‍ ചാരിറ്റി പദ്ധതി ഏറ്റെടുത്തത്.
200 അപ്പാര്‍ട്ട്‌മെന്റുകളും ഒരു നഴ്‌സറിയും രണ്ട് പ്രൈമറി സ്‌കൂളും രണ്ടു സെക്കന്ററി സ്‌കൂളും ട്രൈനിങ് സെന്ററും ക്ലിനിക്കും പള്ളിയും മാര്‍ക്കറ്റും മൈതാനവും ഉള്‍പ്പെട്ടതാണ് റഫൂഖ ഗ്രാമം. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അനാഥരുടെ 200 കുടുംബങ്ങള്‍ക്കും മേഖലയിലെ 5000 ആളുകള്‍ക്കും പ്രയോജനകരമാകുന്ന വിധത്തിലാണ് ഗ്രാമത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. താമസിക്കാന്‍ ഇടം, ആരോഗ്യം, വിദ്യാഭ്യാസം, കായികം, വിനോദം തുടങ്ങിയ സേവനങ്ങളാണ് ഈ ഗ്രാമം ഉറപ്പ് നല്‍കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ ഗ്രാമത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഖത്തര്‍ ചാരിറ്റി സിഇഒ യൂസുഫ് ബിന്‍ അഹ്മദ് അല്‍കുവാരിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ ചാരിറ്റി പ്രതിനിധി സംഘമാണ് ഗ്രാമം സന്ദര്‍ശിച്ചത്. സുദാനിലെ ഖത്തര്‍ അംബാസഡര്‍ റാഷിദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ നഈമിയും സുദാന്‍ പ്രതിനിധികളും പരിശോധന സംഘത്തിലുണ്ടായിരുന്നു.
സുദാനിലെ അദ്ദമാറിലാണ് റുഫാഖ ഗ്രാമം തയ്യാറാകുന്നത്. 2015 മാര്‍ച്ചിലാണ് ഈ വില്ലേജിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങിയത്. 2016 ജനുവരിയോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017 മാര്‍ച്ചില്‍ അവസാനിക്കുന്ന രീതിയിലായിരുന്നു പ്രവൃത്തികള്‍ ആരംഭിച്ചത്. എന്നാല്‍ നൂതന സാങ്കേതി വിദ്യകളുടെയും മറ്റും സഹായത്തിലാണ് നിശ്ചയിച്ച സമയത്തേക്കാള്‍ നേരത്തെ പ്രവൃത്തി പൂര്‍ത്തിയാകുന്നത്. ഗ്രാമത്തിന്റെ പരിശോധന പൂര്‍ത്തിയാക്കിയ ഖത്തര്‍ അംബാസഡര്‍ നഈമി സുദാന്‍ ജനതയെ പ്രശംസിക്കുകയും ഇത്തരം ഒരു പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് ഖത്തര്‍ ചാരിറ്റിയെ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അനാഥര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ ഖത്തര്‍ ചാരിറ്റിക്കുള്ള താല്‍പര്യം അല്‍കുവാരി സന്ദര്‍ശനത്തിനിടെ എടുത്തു പറഞ്ഞു. അനാഥര്‍ക്ക് പുതിയൊരു ജീവിതം ആരംഭിക്കാന്‍ ഈ ഗ്രാമം അവസരം നല്‍കുമെന്നും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ലഭിക്കുമെന്നു കുവാരി പറഞ്ഞു.

RELATED STORIES

Share it
Top