സുജിത്ത് വധക്കേസിലെ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍

ഇരിങ്ങാലക്കുട: സുജിത്ത് വധക്കേസിലെ പ്രതിയെ ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ എടക്കുളം എസ്എന്‍ നഗറിന് സമീപമാണ് പ്രതി മിഥുനെ കൈകളിലെ ഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ 8.30ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി അവശനിലയിലായ പ്രതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപമുള്ള ഓട്ടോറിക്ഷാ പേട്ടയില്‍വച്ച് ഓട്ടോ ഡ്രൈവറായ മിഥുന്‍ കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടില്‍ സുജിത്തിനെ(26) ക്രൂരമായി മര്‍ദിച്ചത്. സുജിത്തിന്റെ ബന്ധുവായ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നത് ചോദ്യംചെയ്ത വൈരാഗ്യത്തിലായിരുന്നു മര്‍ദനം. സുജിത്തിന്റെ മരണത്തോടെ പോലിസ് പ്രതി മിഥുനായി ഊര്‍ജിതമായ അന്വേഷണമാണ് നടത്തിയിരുന്നത്. ഇതിനിടയില്‍ മിഥുനെ ഒളിവില്‍പോവാന്‍ സഹായിച്ച ഓട്ടോ ഡ്രൈവറെ പോലിസ് പിടികൂടിയിരുന്നു. ആത്മഹത്യ—ക്ക് ശ്രമിച്ച മിഥുനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതി അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ സഹോദരന് ആത്മഹത്യാക്കുറിപ്പ് വാട്‌സ്ആപ്പില്‍ അയച്ചതിനു ശേഷമാണു മിഥുന്‍ ആത്മഹത്യക്കു ശ്രമിച്ചതെന്ന് ഇരിങ്ങാലക്കുട എസ്‌ഐ സുരേഷ് കുമാര്‍ പറഞ്ഞു. അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റിന് പകരം തരാനായി തന്റെ ജീവന്‍ മാത്രമേ ബാക്കി ഉള്ളൂവെന്ന് ആത്മഹത്യാശ്രമം നടത്തിയ മിഥുന്റെ കുറിപ്പില്‍ കണ്ടെത്തി.

RELATED STORIES

Share it
Top