സുജികി മല്‍സ്യമാര്‍ക്കറ്റ് അടച്ചു; ഇന്നലെ അവസാന ലേലം

ടോക്കിയോ: ലോകത്തിലെ ഏറ്റവും വലിയ മല്‍സ്യ മാര്‍ക്കറ്റ് സുജികി അടച്ചുപൂട്ടി. ടോക്കിയോയില്‍ പ്രവര്‍ത്തിച്ചുവരുന്ന സുജികി 83 വര്‍ഷത്തിനിടെ ആദ്യമായാണു പ്രവൃത്തിദിവസങ്ങളില്‍ അടച്ചിടുന്നത്. 2020ല്‍ ജപ്പാനില്‍ നടക്കുന്ന ഒളിംപിക്‌സ് ഗെയിംസിന് പാര്‍ക്കിങിനുള്ള സ്ഥലമായി തിരഞ്ഞെടുത്തതു മല്‍സ്യമാര്‍ക്കറ്റ് നിന്നിടമാണ്. ഇതേത്തുടര്‍ന്നാണു മല്‍സ്യമാര്‍ക്കറ്റ് മാറ്റിസ്ഥാപിക്കാന്‍ നിര്‍ബന്ധിതമായത്.
500തരം കടല്‍മല്‍സ്യങ്ങള്‍ ലഭിക്കുന്ന സുജികി വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. ലോകത്തിലെ ഏറ്റവും വലിയ മൊത്തവിതരണകേന്ദ്രം കൂടിയാണു സുജികി. അതേസമയം സുജികി മല്‍സ്യമാര്‍ക്കറ്റ് ടോക്കിയോയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ടൊയോസോവിലേക്കാണു മാറ്റിസ്ഥാപിക്കുന്നത്.
നിലവിലുള്ള സ്ഥലത്തേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ടൊയൊസൊവില്‍ ലഭിക്കുമെന്ന് അധികൃതരും ഉറപ്പുനല്‍കുന്നു. പുതിയ മാര്‍ക്കറ്റ് ഒക്ടോബര്‍ 11നു പ്രവര്‍ത്തിച്ചു തുടങ്ങും. സുജികിയിലെ അവസാന മീന്‍ലേലം ഇന്നലെ നടന്നു. 162 കിലോ തൂക്കമുള്ള ചൂരമീന്‍ 43 ലക്ഷം യെന്നിനാണു വിറ്റത്. എന്നാല്‍, മല്‍സ്യ മാര്‍ക്കറ്റ് സ്ഥലംമാറ്റുന്നതിനെതിരേ നൂറുകണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തി.

RELATED STORIES

Share it
Top