സീസണ്‍ ടിക്കറ്റ് യാത്രക്കാരോട് റെയില്‍വേയുടെ ചിറ്റമ്മനയം പിന്‍വലിക്കണം: എംടിപിഎഫ്‌

വടകര: സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ റിസര്‍വേഷന്‍ കോച്ചുകളില്‍ കയറിയാല്‍ സ്ഥിരമായി പിഴ ഈടാക്കുന്നതിന് പുറമെ സ്ലീപ്പര്‍ കോച്ചില്‍ സീസണ്‍ ടിക്കറ്റുള്ളവര്‍ യാത്ര ചെയ്താല്‍ സീസണ്‍ റദ്ദാക്കുന്നതടക്കമുള്ള കടുത്ത ശിക്ഷാ നടപടി ഉണ്ടാകുമെന്നത് യാത്രക്കാരെ ഏറെ പ്രയാസത്തിലാക്കുന്നതാണെന്ന്് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് ഫോറം വ്യക്തമാക്കി. സീസണ്‍ ടിക്കറ്റ് യാത്രക്കാരോട് റെയില്‍വേ തുടരുന്ന ചിറ്റമ്മനയം അവസാനിപ്പിക്കണമെന്നും എംടിപിഎഫ് ആവശ്യപ്പെട്ടു.
സീസണ്‍ ടിക്കറ്റ് യാത്രക്കാ ര്‍ സൗജന്യ യാത്ര ചെയ്യുകയാണെന്ന ചില റെയില്‍വെ ഉദ്യോഗസ്ഥരുടെ ധാരണ ആദ്യം തന്നെ തിരുത്തണം. മുന്‍കൂട്ടി ഒരു മാസം മുതല്‍ ഒരു വര്‍ഷത്തേക്ക് വരെയുള്ള ടിക്കറ്റ് ചാര്‍ജ് കൊടുത്താണ് സീസണ്‍ ടിക്കറ്റെടുക്കുന്നത്. ഒരു വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഏതൊരു സ്ലീപ്പര്‍ യാത്രക്കാരനെക്കാളും പതിന്മടങ്ങ് വരുമാനം സീസണ് ടിക്കറ്റു വഴി റെയില്‍വേക്ക് ലഭിക്കുന്നുണ്ടെന്നും എംപിടിഎഫ് ഭാരവാഹികള്‍ പറഞ്ഞു. ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് നിത്യവൃത്തിക്ക് വേണ്ടി ടെയിന്‍ വഴി യാത്ര ചെയ്യുന്നത്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും, അധ്യാപകരും, വിദ്യാര്‍ത്ഥികളുമടക്കം നൂറുകണക്കിന് യാത്രക്കാരാണ് ഓരോ ട്രെയിനിനെയും ആശ്രയിച്ചു യാത്ര ചെയ്യുന്നത്.
നിലവില്‍ പരശുറാം എക്‌സ്പ്രസ്, ഇന്റര്‍സിറ്റി ഒഴികെ ഒരു ട്രെയിനും പകല്‍ ഫുള്‍ ജനറല്‍ കോച്ച് ഉള്ള ട്രെയിന്‍ ഇല്ല. തിരക്കുള്ള അതിരാവിലെയും വൈകീട്ടും മൂന്ന് ട്രെയിനുകളില്‍ വരെ കയറേണ്ട യാത്രക്കാരെയും കൊണ്ടാണ് പരശുരാം യാത്ര ചെയ്യുന്നത്. അതില്‍ തന്നെ 21 കോച്ചുകളില്‍ ആകെ ജനറല്‍ കോച്ചുകള്‍ വെറും 10 എണ്ണം മാത്രമാണുള്ളത്. നേത്രാവതി, മംഗള, മാവേലി, മലബാര്‍, ചെന്നൈ മെയില്‍, ട്രിവാന്‍ഡ്രം എക്‌സ്പ്രസ്, യശ്വന്തപുരം തുടങ്ങിയ ട്രെയിനുകളില്‍ ആകെ രണ്ട് കോച്ച് മാത്രമേ ജനറല്‍ കംപാര്‍ട്ട്‌മെന്റ് ഉള്ളൂ. അതില്‍ തന്നെ പകുതി കോച്ച് ചിലപ്പോള്‍ ആര്‍എംഎസിന് വേണ്ടി മാറ്റിയിരിക്കും. പിന്നെ എങ്ങിനെ സ്ഥിരം യാത്രക്കാര്‍ ട്രെയിനുകളില്‍ യാത്ര ചെയ്യണമെന്നാണ് യാത്രകാക്കാര്‍ ചോദിക്കുന്നത്.
ഇത്തരം ട്രെയിനുകളില്‍ രണ്ട് ജെനറല്‍ കോച്ചുകള്‍ കൂടി അനുവദിക്കുക, കൂടാതെ മൂന്നോ നാലോ ഡി റിസര്‍വ്വ്ഡ് കോച്ചുകള്‍ എല്ലാ ട്രെയിനുകളിലും അനുവദിക്കുക, ഷൊര്‍ണ്ണൂര്‍-കോഴിക്കോട്-മംഗലാപുരം റൂട്ടില്‍ അടിയന്തിരമായി മെമു ട്രെയിനുകള്‍ അനുവദിക്കുക, സ്ത്രീകള്‍ക്ക് അധിക ട്രെയിനുകളിലും പകുതി കോച്ചിന് പകരം ഒരു കോച്ച് പൂര്‍ണ്ണമായും അനുവദിക്കുക, ലോക്കല്‍ ട്രെയിനുകള്‍ മണിക്കൂറോളം സ്‌റ്റേഷനുകളില്‍ പിടിച്ചിടുന്നത് ഒഴിവാക്കി കൃത്യസമയത്ത് യാത്ര ചെയ്യുന്ന തരത്തില്‍ സമയക്രമത്തില്‍ മാറ്റം വരുത്തുക, മാന്യമായി സഞ്ചരിക്കാനുള്ള സ്വാതന്ത്രവും അവകാശവും സിസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്കും റെയില്‍വെ ഒരുക്കണമെന്നും ഭാരവാഹികള്‍ അധികാരികളോട് ആവശ്യപ്പെട്ടു.
നിത്യയാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ട് വേണം ഇത്തരം കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കേണ്ടതെന്നും എംടിപിഎഫ് ഭാരവാഹികള്‍ വ്യക്തമാക്കി. ചെയര്‍മാന്‍ എംപി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു, കണ്‍വീനര്‍ ഫൈസല്‍ ചെള്ളത്ത്, പികെസി ഫൈസല്‍, അബ്ദുറബ്ബ് നിസ്താര്‍, എംപി പ്രിസിന്‍, സബി സദാനന്ദന്‍, വിജു രാഘവന്‍, ഷാഹിദ് ഊരളളൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top