സീറോ വേസ്റ്റ് ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കാന്‍ തീരുമാനം

ചാലക്കുടി: ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിനെ സീറോ വെയ്സ്റ്റ് ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനം. ഇതിന്റെ ഭാഗമായി പഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മ്മിക്കുന്ന സീറോ വെയ്സ്റ്റ് പ്രജക്റ്റ് അവസാനഘട്ടത്തിലാണ്.
വാര്‍ഷിക ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപയുപയോഗിച്ച് അഞ്ചര സെന്റോളം വരുന്ന സ്ഥലത്ത് ഫലവൃക്ഷങ്ങളടങ്ങിയ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ഫലവൃക്ഷങ്ങളും വിവിധതരം ചെടികളുമുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ നിന്നുള്ള മലിനജലം ശാസ്ത്രീയമായി ശുചീകരിച്ചാണ് തോട്ടത്തിലെ ജലസേചനം നടത്തുന്നത്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ ഐ.ആര്‍.ഡി.സി.ക്കാണ് നിര്‍മ്മാണ ചുമതല. വാര്‍ഷിക പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. റോഡ് നിര്‍മ്മാണം അടക്കമുള്ള പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാനും യോഗം തൂരുമാനിച്ചു.
സാങ്കേതിക അനുമതി ആവശ്യമായ പ്രവര്‍ത്തികള്‍ക്ക് അടിയന്തിരമായി അനുമതി ലഭ്യമാക്കേണ്ടതിനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.ഡി.തോമസ്, ലീല സുബ്രഹ്മണ്യന്‍, കെ.എ.ഗ്രേയ്‌സി, ബി.ഡി.ഒ:പി.കി.ഉണ്ണി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് ഐ.കണ്ണത്ത്, പി.പി.ബാബു, കുമാരി ബാലന്‍, ഉഷ ശശിധരന്‍ സംസാരിച്ചു.

RELATED STORIES

Share it
Top