സീറോമലബാര്‍ സഭ: ഭൂമി ഇടപാട് കേസ് ഗൗരവമേറിയതെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് കേസ് ഗൗരവമേറിയതാണെന്നു സുപ്രിംകോടതി.ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ വി ഗിരിയുടെയും പ്രശാന്ത് ഭൂഷന്റെയും വാദം കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരായ എ കെ ഗോയലും ആര്‍ എഫ് നരിമാനും അടങ്ങുന്ന രണ്ടംഗ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
കേസില്‍ ഹൈക്കോടതി തീരുമാനം എടുക്കട്ടേയെന്ന് വ്യക്തമാക്കിയ കോടതി, കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണം സ്‌റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി റദ്ദാക്കാന്‍ വിസമ്മതിച്ചു. ഭൂമിയിടപാടില്‍ അന്വേഷണം സ്‌റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാത്യു പയ്യമ്പള്ളി, ഷൈന്‍ വര്‍ഗീസ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്.
ഭൂമി ഇടപാട് സംബന്ധിച്ച് പോലിസിനു പരാതി നല്‍കിയപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറായില്ലെന്നു പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. അഞ്ചുതവണ മാറ്റിവച്ച ശേഷമാണ് ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു പോലും എത്തിയതെന്നു ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ആരോപണങ്ങള്‍ ഗൗരവമാണെന്ന നിരീക്ഷണം കോടതി നടത്തിയത്. ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതി മുമ്പാകെ ഉന്നയിക്കാന്‍ നിര്‍ദേശിച്ച കോടതി, ഇക്കാര്യങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ലെങ്കില്‍ ഹരജിക്കാര്‍ക്കൊപ്പം സുപ്രിംകോടതി ഉണ്ടാവുമെന്നും ബെഞ്ച് അറിയിച്ചു. കേസ് അടുത്തമാസം മൂന്നിന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ ഇതില്‍ ഇടപെടുന്നില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ അന്തിമവിധി വന്നശേഷം ഹരജിക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇടപെടാമെന്നും ബെഞ്ച് വ്യക്തമാക്കി. മാത്യു പയ്യമ്പള്ളിയുടെയും ഷൈന്‍ വര്‍ഗീസിന്റെയും ഹരജിയും ഇതിനുപിന്നാലെ കര്‍ദിനാള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ തടസ്സ ഹരജിയും സുപ്രിംകോടതി തീര്‍പ്പാക്കി.

RELATED STORIES

Share it
Top