സീതാര്‍കുണ്ട് പദ്ധതി: സര്‍വേ നടപടി രണ്ടുമാസത്തിനകം തുടങ്ങും

കൊല്ലങ്കോട്: ജില്ലയുടെ തെക്ക്കിഴക്കന്‍ പ്രദേശത്തിലെ ജലക്ഷാമം പരിഹരിക്കുന്നതിനായി കണ്ടെത്തിയ സീതാര്‍കുണ്ട് ഡൈവേര്‍ഷന്‍ പദ്ധതി പ്രദേശം വിദഗ്ധ സംഘം സന്ദര്‍ശിച്ചു. സര്‍ക്കാര്‍ സര്‍വേ നടപടി പൂര്‍ത്തിയാക്കാന്‍ അനുമതി ലഭിച്ചതോടെയാണ് വിദഗ്ധ സംഘം പദ്ധതി പ്രദേശത്തെത്തിയത്. തെന്മല നെല്ലിയാമ്പതി മലനിരയില്‍ നിന്ന് സീതാര്‍കുണ്ട് വഴി ഒഴുകിപ്പോകുന്ന വെള്ളത്തെ അത്തിക്കുണ്ട് വെള്ളച്ചാട്ടത്തില്‍ തടഞ്ഞ് പെന്‍സ്‌റ്റോക്ക് വഴി ചുള്ളിയാര്‍ മീങ്കര ഡാമുകളില്‍ സംഭരിച്ച് കുടിവെള്ള, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
വനം വകുപ്പിന്റെ സ്ഥലത്ത് ഖനനമോ പരിസ്ഥിതി ദോഷമോ ഇല്ലാതെ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. കൂടുതല്‍ ചെലവില്ലാതെ പദ്ധതി നടപ്പിലാക്കാമെന്നും രണ്ടു ഡാമുകളില്‍ വെള്ളം നിറക്കാന്‍ കഴിയുമെന്നും വിലയിരുത്തിയതോടെയാണ്  പദ്ധതിക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്. സമുദ്രനിരപ്പില്‍ നിന്നും 274 അടി ഉയരത്തിലുള്ള അത്തിക്കുണ്ട് വെള്ളച്ചാട്ടത്തിനിന്നാണ് പദ്ധതി തുടങ്ങുന്നത്.  കാലവര്‍ഷത്തിലൂടെ 40എംഎം ക്യൂബ് വെള്ളമാണ് വെള്ളച്ചാട്ടത്തിലൂടെ ഒഴുകി പോകുന്നത്. മീങ്കര ചുള്ളിയാര്‍ ഡാമുകള്‍ നിറയ്ക്കാന്‍ 20എംഎം ക്യൂബ് വെള്ളം മതിയാക്കുമെന്നാണ് കണക്ക്. നിലവിലുള്ള പലകപ്പാണ്ടിയും സീതാര്‍കുണ്ട് പദ്ധതിയും നടപ്പിലായാല്‍ ഡാമുകളുടെ ആയക്കെട്ടു പരിധിയിലെ പതിനായിരത്തോളം ഹെക്ടറില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ പ്രയോജനമായിത്തീരും. കൂടാതെ, കുടിവെള്ള വിതരണത്തിനും ഏറെ സഹായകരമാകും. വനം വകുപ്പിന്റെ അനുമതി ലഭിച്ചാലുടന്‍ പദ്ധതി പ്രദേശത്തു നിന്നും ഡാം വരെയുള്ള പ്രദേശത്തിന്റെ ഭൂഘടന ദൈര്‍ഘ്യം, പദ്ധതി പ്രദേശത്തിലെ പാറയുടെ ബലം പരിശോധിക്കല്‍, കോണ്‍ഡൂര്‍ മാപ്പിങ്ങ്, ജിപിആര്‍എസ് സംവിധാനം ഉപയോഗിച്ചുള്ള സര്‍വ്വേ എന്നിവ രണ്ടു മാസത്തിനകം പൂര്‍ത്തീകരിക്കാനാകുമെന്ന് പീച്ചിയിലെ കേരള എന്‍ജഡിനീയറിങ്ങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് ഡിസൈനര്‍ സി ജെ ദിവ്യ പറഞ്ഞു.
കെ ബാബു എംഎല്‍എ, കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ശാലിനി കറുപ്പേഷ്, മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, ജലവിഭവ വകുപ്പ് സൂപ്രണ്ടന്റ് എന്‍ജിനീയര്‍ വി ഷണ്‍മുഖന്‍, അസ്സി.എഞ്ചിനീയര്‍ കിരണ്‍ എബ്രഹാം തോമസ്, അസ്സി.എഞ്ചിനീയര്‍ വി അനീഷ്, ഓവര്‍സീയര്‍ കാര്‍വര്‍ണന്‍, വനം വന്യജീവി വകുപ്പ് ഉദ്യോസ്ഥരടങ്ങുന്ന ഇരുപതോളം സംഘമാണ് പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്.

RELATED STORIES

Share it
Top