സി കെ സഹദേവന്‍ രാജിവച്ചു; ടി എല്‍ സാബു ചെയര്‍മാന്‍

സുല്‍ത്താന്‍ ബത്തേരി: മുന്നണി ധാരണയുടെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിലെ സി കെ സഹദേവന്‍ രാജിവച്ചു. കേരള കോണ്‍ഗ്രസ് (എം) ലെ ടി എല്‍ സാബുവിനാണ് ഇനി ചെയര്‍മാന്‍ സ്ഥാനം. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ടി എല്‍ സാബുവും രാജിവച്ചു. മുന്നണിധാരണ പ്രകാരമാണ് നേതൃമാറ്റത്തിന് കളമൊരുങ്ങിയത്.
അഞ്ചുവര്‍ഷത്തെ ഭരണകാലയളവില്‍ ഒരുവര്‍ഷത്തേക്ക് ടി എല്‍ സാബുവിന് ചെയര്‍മാന്‍ പദവി ലഭിക്കുന്ന രീതിയിലാണ് ഭരണമാറ്റം നടക്കുന്നത്. ഇരുവരും രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറി. 2017 നവംബറില്‍ സ്ഥാനം മാറുന്നതിന് ധാരണയായിരുന്നു.
എന്നാല്‍, സംസ്ഥാന നഗരസഭാ ദിനാചരണം, സിഡിഎസ് തിരഞ്ഞെടുപ്പ്, ബജറ്റ് എന്നിവ കാരണം അഞ്ചുമാസത്തോളം നീണ്ടുപോവുകയായിരുന്നു. 2015 നവംബര്‍ 18നാണ് സി കെ സഹദേവന്‍ നഗരസഭ അധ്യക്ഷനായി ചുമതലയേറ്റത്. ഇനി ഒരുവര്‍ഷം കഴിഞ്ഞ് വീണ്ടും സിപിഎമ്മിന് അധ്യക്ഷ സ്ഥാനം കൈമാറാമെന്നാണ് ധാരണ. മാണി കോണ്‍ഗ്രസ് അംഗത്തിന്റെ പിന്‍ബലത്തിലാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഭരണം എല്‍ഡിഎഫിന് ലഭിച്ചത്. കേരളാ കോണ്‍ഗ്രസ് (എം) ടിക്കറ്റില്‍  വിജയിച്ച ടി എല്‍ സാബു ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തിയതോടെയാണ് ഇത്. എല്‍ഡിഎഫും യുഡിഎഫും 17 വീതം സീറ്റുകള്‍ നേടി തുല്യനില പാലിക്കുകയും ബിജെപി ഒരു സീറ്റ് നേടുകയും ചെയ്ത മുനിസിപ്പാലിറ്റിയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലായിരുന്നു. ഇരുമുന്നണികളും  ബിജെപിയുടെ പിന്തുണ തേടില്ലെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു. നിലവില്‍ യുഡിഎഫില്‍  കോണ്‍ഗ്രസ്സിനും ലീഗിനും എട്ടു വീതം സീറ്റുകളും ഒരെണ്ണം കേരളാ കോണ്‍ഗ്രസ് (എം)നുമായിരുന്നു.
എല്‍ഡിഎഫിലാവട്ടെ മുഴുവന്‍ സീറ്റും സിപിഎം നേടി. കേരളാ കോണ്‍ഗ്രസ് കട്ടായാട് ഡിവിഷനില്‍ നിന്നു നറുക്കെടുപ്പിലൂടെയാണ് ടി എല്‍ സാബു തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടരവര്‍ഷത്തിനു ശേഷം ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നതു പൂര്‍ണ സംതൃപ്തിയോടെയാണെന്നു സി കെ സഹദേവന്‍ പറഞ്ഞു.

RELATED STORIES

Share it
Top