സി കെ ജാനുവിന്റെ പാര്‍ട്ടി എന്‍ഡിഎ വിടുന്നു; പ്രഖ്യാപനം ഞായറാഴ്ച

പി സി അബ്ദുല്ല

കോഴിക്കോട്: സി കെ ജാനു അധ്യക്ഷയായ ജനാധിപത്യ രാഷ്ട്രീയസഭ ബിജെപി മുന്നണി വിടാന്‍ തീരുമാനിച്ചു. ഞായറാഴ്ച കോഴിക്കോട്ടു ചേരുന്ന നേതൃയോഗത്തിനു ശേഷം എന്‍ഡിഎ വിടാനുള്ള തീരുമാനം പ്രഖ്യാപിക്കും. ശബരിമല വിഷയത്തിലടക്കം ബിജെപിയോടുള്ള കടുത്ത അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് മുന്നണി ബന്ധം ഉപേക്ഷിക്കുന്നതെന്ന് സി കെ ജാനു തേജസിനോട് പറഞ്ഞു.
സാമൂഹിക പരിഷ്‌കരണത്തിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കുന്നതും സമൂഹത്തെ ജാതീയമായും വര്‍ഗീയമായും വിഭജിക്കുന്നതുമാണ് ബിജെപി ഇപ്പോള്‍ നടത്തുന്ന സമരം. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിയെ മാനിക്കണം. സങ്കുചിത താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി സുപ്രിംകോടതി വിധിയെ സമീപിക്കുന്നത് അപകടകരമാണ്. എന്‍ഡിഎ മുന്നണിയില്‍ നിന്ന് തങ്ങള്‍ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. പിന്നാക്ക ആദിവാസി ഉന്നമനത്തിനുതകുന്ന സാമൂഹിക മുന്നേറ്റം പ്രതീക്ഷിച്ചാണ് ബിജെപി മുന്നണിയില്‍ നിലകൊണ്ടത്. എന്നാല്‍, രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് അത്തരം മുന്നേറ്റങ്ങളല്ലെന്നും ജാനു പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ എന്‍ഡിഎ നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ നിന്നു ജനാധിപത്യ രാഷ്ട്രീയസഭ മാറിനിന്നത് നിലപാടിന്റെ ഭാഗമാണ്. ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നത് പുരോഗമനപരമോ യുക്തിസഹമോ അല്ല. ലിംഗവിവേചനമാണ്. ആദിവാസികളുടെ ആചാരങ്ങളില്‍ ലിംഗവിവേചനമില്ല. പ്രകൃതിയെയാണ് ആരാധിക്കുന്നത്. ഗോത്ര വിഭാഗങ്ങളില്‍ ആചാരങ്ങളിലും ആരാധനയിലും സ്ത്രീകള്‍ക്കാണ് പ്രാമുഖ്യം. കുലമഹിമയുടെയും പ്രായത്തിന്റെയുമൊക്കെ പേരില്‍ ആരാധനാലയങ്ങളില്‍ നിന്നു സ്ത്രീകളെ അകറ്റുന്നത് പ്രാകൃതമാണ്- ജാനു പറഞ്ഞു. ശബരിമലയില്‍ ആചാരങ്ങളില്‍ കാലികമോ ബോധപൂര്‍വമോ ആയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സന്നിധാനത്ത് ആദിവാസികള്‍ നേരിട്ട് നടത്തിയിരുന്ന ഒട്ടേറെ ആചാരങ്ങള്‍ കാലക്രമേണ ഇല്ലാതാക്കി. തേനഭിഷേകം എന്ന ചടങ്ങ് ആദിവാസികള്‍ നടത്തിയിരുന്നു. പക്ഷേ, അത് കാലങ്ങളായി ശബരിമലയില്‍ ആചരിക്കുന്നില്ല. അതെന്തുകൊണ്ടാണ് എന്ന് വിശദീകരിക്കപ്പെടണം. കേരളത്തിലെ കാവുകളില്‍ നിന്നും ക്ഷേത്രപരിസരങ്ങളില്‍ നിന്നും ആദിവാസികളെ അകറ്റിയതിന് പിന്നില്‍ ചരിത്രപരമായ ഗൂഢാലോചയുണ്ടെന്നും ജാനു പറഞ്ഞു.

RELATED STORIES

Share it
Top