സി എം അബ്ദുല്ല മൗലവിയുടെ മരണം; മംഗളൂരു ഡിഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

മംഗളുരു: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് മംഗളൂരുവില്‍ ഇന്നലെ നടന്ന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
എസ്‌കെഎസ്എസ്എഫ് ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി, ഖാസി സംയുക്ത സമര സമിതി എന്നിവയുടെ നേതൃത്വത്തിലാണ് മംഗളൂരു ഡിസി ഓഫിസ് മാര്‍ച്ചും മൂന്നാംഘട്ട സമര പ്രഖ്യാപനവും നടത്തിയത്.
സിബിഐ അന്വേഷണം ഊര്‍ജിതമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേസില്‍ നീതി നടപ്പിലാക്കി കിട്ടണമെന്നും ആവശ്യപ്പെട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ മുഖേന പ്രധാനമന്ത്രിക്കും കര്‍ണാടക, കേരള സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഇരു സമിതി ഭാരവാഹികളും ചേര്‍ന്ന് സംയുക്ത നിവേദനം നല്‍കി.
മൂന്നാംഘട്ട സമരത്തിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് അയക്കുന്ന കാല്‍ ലക്ഷം ഇ-മെയില്‍ സന്ദേശത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
കീഴൂര്‍-മംഗളൂരു ഖാസി ത്വാഖ അഹമ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. എസ്‌കെഎസ്എസ്എഫ് ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് ഖാസിം ദാരിമി അധ്യക്ഷത വഹിച്ചു.
ഇസ്മായില്‍ യമാനി, ബാഷ തങ്ങള്‍, ഹാജി ഹനീഫ്, സിദ്ദീഖ് ബണ്ട്വാള്‍, ഹമീദ് കുണിയ, കെ മുഹമ്മദ് കുഞ്ഞി, ഹാജി റിയാസ്, അബ്ദുല്‍ ഖാദര്‍ സഅദി, സഈദ് ചേരൂര്‍ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top