സിസ്റ്റര്‍ ലൂസിയുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് വെളിച്ചമാവും

എരുമേലി:  മരണശേഷം  അവയവങ്ങളെല്ലാം ദാനം ചെയ്യണമെന്ന സിസ്റ്റര്‍ ലൂസി (73) യുടെ ആഗ്രഹത്തില്‍ സഫലമാകാന്‍ കഴിഞ്ഞത്  ആയിരങ്ങള്‍ക്ക് അറിവ് പകര്‍ന്ന  കണ്ണുകള്‍ക്ക്.  ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ 26ാം മൈലിലെ ആശുപത്രിയില്‍ വെച്ചാണ് സിസ്റ്റര്‍ ലൂസി മരണപ്പെട്ടത്. കണ്ണുകള്‍ ഒഴികെ മറ്റ് അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് പ്രായാധിക്യം തടസ്സമായിരുന്നു. എരുമേലി സെന്റ് തോമസ് ഹൈ സ്‌കൂളില്‍ അധ്യാപികയായി വിരമിച്ച ശേഷം പുത്തന്‍കൊരട്ടി പള്ളിയിലെ മഠത്തില്‍ വിശ്രമജീവിതത്തിലായിരുന്നു.  അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയിലെ നേത്രബാങ്കിലേയ്ക്കാണ് കണ്ണുകള്‍ എത്തിക്കുക. ഇതിനുള്ള ശസ്ത്രക്രിയ ഇന്നലെ ആശുപത്രിയില്‍ നടന്നു. അങ്കമാലി ആശുപത്രിയില്‍ നിന്നെത്തിയ നേത്രവിദഗ്ദന്‍ എബി ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. നേത്രദാന വാളന്റിയര്‍മാരായ ബേബിച്ചന്‍ ഏര്‍ത്തയില്‍, സെബാസ്റ്റ്യന്‍ ടോം മണ്ണംപ്ലാക്കല്‍ എന്നിവരും എത്തിയിരുന്നു. നിരവധി വൈദികരും സിസ്റ്റര്‍മാരും അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു. എരുമേലി വെട്ടിക്കാട്ട് കുടുംബാംഗമാണ് സിസ്റ്റര്‍ ലൂസി.     എരുമേലി സെന്റ് തോമസ് സ്‌കൂള്‍ ഉള്‍പ്പടെ വിവിധ സ്‌കൂളുകളില്‍ സിസ്റ്റര്‍ ലൂസി അധ്യാപികയായി വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പേ അവയവദാന സമ്മതപത്രം സിസ്റ്റര്‍ നല്‍കിയിരുന്നു.  സംസ്‌കാരം നാളെ  രാവിലെ ഒമ്പതിന് എരുമേലി അസംപ്ഷന്‍ ഫൊറോന പളളിയില്‍ നടക്കും. തിരുവസ്ത്രമണിഞ്ഞ ജീവിതമത്രയും സൗമ്യവും ദീപ്തവുമായി വിജ്ഞാനം ദൈവിക ശുശ്രൂഷ പോലെ വിളമ്പിയ ആ കണ്ണുകള്‍ ഇനിയും വെളിച്ചമായി നിറയുകയാണ്.

RELATED STORIES

Share it
Top