സിസേറിയനെതിരേ കൂട്ടായ്മ വേണം

എനിക്ക് തോന്നുന്നത്   - ഉമൈറ അഷ്‌റഫ് കല്ലായി, അലനല്ലൂര്‍

കേരളം ആരോഗ്യമേഖലയില്‍ വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നു കരുതപ്പെടുന്നു. വാക്‌സിന്‍ പ്രതിരോധ കുത്തിവയ്പ് കാരണം പല രോഗങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, വാക്‌സിനുകളെക്കുറിച്ച് ആശങ്കകളും നിലനില്‍ക്കുന്നു. പലരുടെയും ആശങ്കകള്‍ക്ക് വ്യക്തമായ ഉത്തരം കൊടുക്കാന്‍ കഴിയുന്നുമില്ല. അതിനോടൊപ്പം നമ്മുടെ നാട്ടില്‍ ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മറവില്‍ കച്ചവടം പൊടിപൊടിക്കുന്നത് നാം കാണാതിരുന്നുകൂടാ. ഒരുകാലത്ത് നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ വീട്ടില്‍ വച്ചായിരുന്നു പ്രസവിച്ചിരുന്നത്. അന്ന് ഗര്‍ഭം ഒരു രോഗമായി കരുതപ്പെട്ടിരുന്നില്ല. എന്നാല്‍, ഇന്നു സ്വകാര്യ ആശുപത്രികളും ഗൈനക്കോളജിസ്റ്റുകളും പ്രസവത്തിന്റെ പേരില്‍ പണം വാരുകയാണ്. എല്ലാ പ്രസവവും ആശുപത്രികളില്‍ വച്ചാണ് നടക്കുന്നത്. സിസേറിയനും വര്‍ധിച്ചുവരുന്നു. അമിത രക്തസ്രാവമുണ്ടാവും, കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാവും എന്നൊക്കെ പറഞ്ഞാണ് പ്രസവം ആശുപത്രികളിലേക്ക് മാറ്റിയത്. മുമ്പ് പ്രസവത്തിന് വയറ്റാട്ടി മതിയായിരുന്നു. ഇന്നത് അചിന്ത്യമാണ്. പണ്ടുകാലത്ത് ഗര്‍ഭം ഉള്ള ഭാവം പോലും ഗര്‍ഭിണികള്‍ക്ക് ഉണ്ടായിരുന്നില്ല. അവര്‍ എല്ലാ ജോലിയും ചെയ്ത് പ്രസവിക്കുമായിരുന്നു. ഇന്ന് ഗര്‍ഭധാരണം മുതല്‍ നാം ഡോക്ടറെ കാണുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെക്കുറിച്ച് അനാവശ്യമായ ആധികളുയരുന്നു. പല ടെസ്റ്റുകളും നിര്‍ദേശിക്കുന്നു. ഇതില്‍ ആരോഗ്യസേവനത്തിന്റെ നൈതികത എവിടെ? കുഞ്ഞുണ്ടായ സന്തോഷത്താല്‍ കുടുംബം എല്ലാം മറക്കുന്നു. സിസേറിയന്‍ ആശുപത്രിക്കാരുടെ നിലനില്‍പിനു വേണ്ടിയാണ്. പല ഡോക്ടര്‍മാരും അതിനു കൂട്ടുനില്‍ക്കുന്നു. സിസേറിയന്‍ നടത്തി പ്രസവിച്ച സ്ത്രീയുടെയും അല്ലാതെ പ്രസവിച്ച സ്ത്രീയുടെയും ആരോഗ്യനില രണ്ടും രണ്ടാണ്. പണ്ടൊക്കെ പതിനാലും പതിനഞ്ചും പ്രസവിച്ച നമ്മുടെ അമ്മമാര്‍ ഒരു പ്രയാസവുമില്ലാതെ പണിയെടുത്തും അധ്വാനിച്ചും ജീവിച്ചിരുന്നു. എന്നാല്‍, ഒന്നുരണ്ട് സിസേറിയന്‍ കഴിഞ്ഞ സ്ത്രീകള്‍ക്ക് പണിയെടുക്കാന്‍ ഭയവും കൂടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളും കണ്ടുവരുന്നു. ഗര്‍ഭം നിര്‍ത്തിയ സ്ത്രീകളെ പല അസ്വസ്ഥതകളും അലട്ടുന്നു. ഒരു കാര്യം ഇവിടെ വ്യക്തമാവുന്നത് സ്ത്രീകള്‍ക്ക് ആരോഗ്യം നിലനില്‍ക്കാന്‍ സിസേറിയന്‍ ശസ്ത്രക്രിയ പരമാവധി ഒഴിവാക്കുക തന്നെ വേണം എന്നതാണ്. സിസേറിയന്‍ എന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാവുമ്പോള്‍ മാത്രമേ അനിവാര്യമാവുന്നുള്ളൂ.ഇന്നത്തെ യുവതികള്‍ പലരും വേദനയില്ലാതെ പ്രസവിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ആശുപത്രികള്‍ ഇതില്‍ നിന്നു മുതലെടുക്കുന്നു. അല്‍പം വേദന അനുഭവിച്ച് പ്രസവിക്കുന്നതോ അതോ വേദനിക്കാതെ പ്രസവിച്ച് ജീവിതകാലം മുഴുവന്‍ ഉള്‍ഭയത്തോടെ മറ്റു വേദനകള്‍ സഹിക്കുന്നതോ നല്ലത്? ഈയടുത്ത കാലത്ത് ഡോക്ടര്‍മാര്‍ അവധിയെടുക്കാന്‍ വേണ്ടി കൂട്ട സിസേറിയന്‍ നടത്തിയത് വിവാദമായിരുന്നു. ഡോക്ടര്‍മാരെ ഭയന്നു സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. സിസേറിയന്‍ കച്ചവടം അവസാനിപ്പിക്കാന്‍ സ്വകാര്യ ആശുപത്രികളും സാധാരണ പ്രസവം ശീലിക്കാന്‍ സ്ത്രീകളും തയ്യാറാവുമ്പോള്‍ മാത്രമേ അനാരോഗ്യകരമായ ഇത്തരം ചൂഷണങ്ങള്‍ അവസാനിക്കൂ. സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്ന സിസേറിയനെയും ലാപ്രോസ്‌കോപിക് സര്‍ജറിയെയും കുറിച്ച് ബോധവല്‍ക്കരിക്കാനും സിസേറിയന്‍ കച്ചവടം അവസാനിപ്പിക്കാനും വനിതാ സംഘടനകള്‍ കൂട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.

RELATED STORIES

Share it
Top