സിസി ടിവിയില്‍ കുടുങ്ങിയ പ്രതി പിടിയില്‍

പെരിന്തല്‍മണ്ണ: കടകളുടെ പൂട്ട് പൊളിച്ച് കവര്‍ച്ച നടത്തി സിസിസിടിവിയില്‍ കുടുങ്ങിയ പ്രതി പെരിന്തല്‍മണ്ണയില്‍ പിടിയില്‍. ചെറുകര പുളിങ്കാവ് സ്വദേശിയായ പള്ളത്തൊടി അബ്ദുല്‍ മുജീബ് (33) നെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ടി എസ് ബിനു, പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പോലിസ് എന്നിവര്‍ അറസ്റ്റ് ചെയ്തത്്.
പ്രതിയെ ചോദ്യംചെയ്തതില്‍ പുലാമന്തോള്‍ ടൗണിലെ പലചരക്കുകടയുടെ പൂട്ടുപൊളിച്ച് ഒര ലക്ഷം രൂപ കവര്‍ച്ച ചെയ്തതും പെരിന്തല്‍മണ്ണ റോഡിലുള്ള ഒരു ഗോള്‍ഡ് വര്‍ക്‌സ് ഷോപ്പിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയതുമുള്‍പ്പെടെയുള്ള കേസുകള്‍ പ്രതി പോലിസിനോട് സമ്മതിച്ചു. കഴിഞ്ഞ ആറിനാണ് പലചരക്കുകടയില്‍ മോഷണം നടന്നത്.   പോലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്ന് പുലാമന്തോള്‍ ടൗണിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതില്‍നിന്ന് മുഖമൂടി ധരിച്ച് മുജീബ് മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. ഇതാണ് കേസിന് തുമ്പായത്.
മുഖം മൂടിയും പര്‍ദ്ദയും ധരിച്ചാണ് മുജീബ് മോഷണം നടത്തുന്നത്. മോഷ്ടിക്കുന്ന പണം മദ്യപിക്കുന്നതിനും മറ്റുമാണ് പ്രതി ഉപയോഗിക്കുന്നത്. പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പ്രത്യേക അന്വേഷണ സംഘത്തലവനായ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍ അറിയിച്ചു. പ്രതിയെ പെരിന്തല്‍മണ്ണ ജെഎഫ്‌സിഎം ഒന്ന് കോടതിയില്‍ ഹാജരാക്കും. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, സിഐ ടി എസ് ബിനു, എസ്‌ഐ വി കെ കമറുദ്ദീന്‍, പ്രത്യേക അന്വേഷസംഘത്തിലെ ഉദ്യോഗസ്ഥരായ സി പി മുരളീധരന്‍, പി എന്‍ മോഹന കൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, സലീന, ജയമണി, അനീഷ്, അജീഷ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കേസില്‍ തുടരന്വേഷണം നടത്തുന്നത്.  മുജീബിന്റെ അറസ്റ്റോടെ പുലാമന്തോള്‍ ടൗണിലെ നിരവധി കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തിയതിനും നിരവധി മോഷണ ശ്രമങ്ങള്‍ക്കും തുമ്പുണ്ടാക്കാന്‍ പോലിസിന് സാധിച്ചു. രാത്രിയില്‍ വീടുകളുടെ പുറത്ത് ഉണങ്ങാനിട്ടിരിക്കുന്ന പര്‍ദ്ദയും മുഖം മറയ്ക്കാനുള്ള തുണിയും ധരിച്ചാണ് മോഷണം നടത്തുന്നത്. അറസ്റ്റ് ചെയ്ത മുജീബിന്റെ പേരില്‍ 2009ല്‍ കളവ് കേസും കഞ്ചാവ് കേസും അടിപിടി കേസുകളും പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനില്‍ നിലവിലുണ്ട്.

RELATED STORIES

Share it
Top