സിസിടിവി സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ നീരീക്ഷണ കാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ സ്വരാജ് റൗണ്ടിലാണ് പുതിയ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക. തൃശൂര്‍ നഗരത്തില്‍ നിലവിലില്‍ എട്ടിടങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതില്‍ ചിലത് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാന ജങ്ഷനുകളില്‍ 360 ഡിഗ്രി ചിത്രീകരണ സൗകര്യമുള്ള പാന്‍ ടില്‍റ്റ് സൂം ക്യാമറകളും മറ്റിടങ്ങളില്‍ ഫിക്‌സഡ് കാമറകളുമാണ് സ്ഥാപിക്കുക. ആറ് കോടി രൂപയാണ് കാമറകള്‍ സ്ഥാപിക്കുന്നതിനായി കോര്‍പറേഷന്‍ ചെലവ് പ്രതീക്ഷിക്കുന്നത്. പൊതുജന പങ്കാളിത്ത സഹകരണത്തോടെയാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത്.
തൃശൂര്‍ എംപി എംപി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ഡിജിപി ഒരു കോടി രൂപയും വാഗാദാനം ചെയ്തിട്ടുണ്ട്. 258 കേന്ദ്രങ്ങളിലാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത്. കാമറകളുടെ നിരീക്ഷണം പോലിസ് കണ്‍ട്രോള്‍ റൂമിലുമായിരിക്കും. ദൈനംദിന നടത്തിപ്പും ഉത്തരവാദിത്വവും പോലിസിന്റെ ചുമതലയാവും. ഏകോപനവും വിലയിരുത്തലും മാത്രമാണ് കോര്‍പറേഷന് ചുമതലയുണ്ടാവുക.
എച്ച് ഡിയേക്കാള്‍ ദൃശ്യമികവുള്ള ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ കാമറകളാണ് സ്ഥാപിക്കുന്നത്. എംഒ റോഡില്‍ പരീക്ഷണാര്‍ഥം കാമറ സ്ഥാപിച്ച് ഗുണമേന്മ പരിശോധിച്ചു. സ്വരാജ് റൗണ്ടിലും പരിസരങ്ങളിലുമായി മാത്രം 44 കാമറകളുണ്ടാകും.
കാമറകള്‍ സുരക്ഷിതമായി നിലനിര്‍ത്താനും പ്രവര്‍ത്തിപ്പിക്കാനും പൊതുമരാമത്ത് തൃശൂര്‍ ഇലക്ട്രോണിക്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, നഗരസഭ എന്‍ജിനിയര്‍, കെല്‍ട്രോണ്‍, എന്‍ജിനിയറിങ് കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയുള്ള സാങ്കേതിക വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചു. കോര്‍പറേഷന്‍ സെക്രട്ടറിയാണ് പദ്ധതിയുടെ കണ്‍വീനറായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top