സിസിടിവി വ്യാപാരികള്‍ക്കെതിരേ കുപ്രചാരണമെന്ന്‌

കൊച്ചി: വീടുകളിലും മറ്റും കറുത്ത സ്റ്റിക്കര്‍ പതിച്ച സംഭവവുമായി ബന്ധപ്പെട്ട് കുപ്രചാരണങ്ങള്‍ നടക്കുന്നതായി സിസിടിവി വ്യാപാരികളുടെ സംഘടയായ ‘അക്കേഷ്യാ’ ഭാരവാഹികള്‍ ആരോപിച്ചു. തൃപ്പൂണിത്തുറയില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച സിസിടിവി വ്യാപാരിയെ പോലിസ് പിടികൂടിയെന്നും ക്ഷമാപണം നടത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചെന്നുമായിരുന്നു ഓണ്‍ലൈനില്‍ പ്രചരിച്ചത്. എന്നാല്‍ തൃപ്പൂണിത്തുറ എസ്‌ഐയുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് അറിയിച്ചത്. അതിനാലാണ് സത്യാവസ്ഥ സമൂഹത്തെ അറിയിക്കുന്നത്. മാറിയ കാലഘട്ടത്തില്‍ സിസി ടിവി ബിസിനസ് 30-40% വര്‍ധിച്ചിട്ടുണ്ട്. ഈ സ്ഥിതിയില്‍ ആളുകളില്‍ പരിഭ്രാന്തി പരത്തി കച്ചവടം വര്‍ധിപ്പിക്കേണ്ട കാര്യമില്ല. കേസന്വേഷണങ്ങളിലും മറ്റും പോലിസിനെ സഹായിക്കുന്നതിനായി പ്രതിഫലംപോലുമില്ലാതെ വളരെ കഷ്ടപ്പെട്ട് ദൃശ്യങ്ങള്‍ കണ്ടെത്തി നല്‍കുന്നവരാണ് സിസിടിവി വ്യാപാരികള്‍. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നതിനു പിന്നില്‍ സാമൂഹിക വിരുദ്ധഗ്രൂപ്പുകളാണെന്നാണ് കരുതുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. ദീപു ഉമ്മന്‍, ജോബി ഫ്രാന്‍സിസ്, ഷിറാസ് ബഷീര്‍, ആര്‍ ആര്‍ രാമചന്ദ്രന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top