സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ സണ്‍ഷേഡ് വീണ് കാര്‍ തകര്‍ന്നു

വടകര: വടകര മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്ന് വീണ് കാര്‍ തകര്‍ന്നു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് അപകടം. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഓഫിസിന് മുകളിലെ മൂന്നാം നിലയുടെ സണ്‍ഷേഡാണ് തകര്‍ന്ന് കാറിന് മുകളില്‍ വീണത്. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടിഒ ഓഫിസില്‍ പിഴ അടയ്ക്കാന്‍ വന്ന ആളുടെ കാറാണ് അപകടത്തില്‍ തകര്‍ന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗത്തെ ചില്ലും മുന്‍ ഭാഗവും പാടെ തകര്‍ന്നു. നാദാപുരം സ്വദേശി ഷമീന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.
കാറില്‍ വന്ന വട്ടോളി സ്വദേശി ജംഷിദ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജംഷിദ് കാറിന് സമീപത്തു നിന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടയിലാണ് ഭീമന്‍ കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്ന് കാറിനു മുകളില്‍ പതിച്ചത്. നേരത്തേയും പല തവണ ഈ കെട്ടിടത്തിന്റെ പല ഭാഗങ്ങള്‍ തകര്‍ന്ന് വീണിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം തന്നെ ജീവനക്കാരില്‍ പ്രതിഷേധം ഉണ്ടാവാറുണ്ടെങ്കിലും പരിഹാരം ഉണ്ടാക്കാമെന്ന വാക്ക് നല്‍കി പൊതുമരാമത്ത് വകുപ്പ് ഉേദ്യാഗസ്ഥര്‍ അനാസ്ഥ കാണിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരിക്കുകയാണ്. വര്‍ഷങ്ങളായി ഈ കെട്ടിടം അപകടാവസ്ഥയിലാണെന്നാണ് ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ പറയുന്നത്. തഹസില്‍ദാര്‍ കെട്ടിടത്തിന്റെ ജീര്‍ണ്ണതയെ പറ്റി പല തവണ റിപോര്‍ട്ട് നല്‍കിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് പൊതുമരാമത്ത് ബില്‍ഡിങ് സെക്ഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെന്നും ആരോപണമുയര്‍ന്നിരിക്കുകയാണ്. ആര്‍ടിഒ ഓഫിസ്, എക്‌സൈസ് വകുപ്പ്, സിവില്‍ സപ്ലൈസ്, കൃഷി വകുപ്പ് തുടങ്ങിയ നിരവധി ഓഫിസുകളാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് കൊണ്ട് തന്നെ ദിനം പ്രതി നൂറു കണക്കിനാളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടേക്ക് എത്തിച്ചേരുന്നത്.
പല തവണ സമാന അപകടങ്ങള്‍ നടന്നത് മൂലം സിവില്‍ സ്റ്റേഷനില്‍ ഭയത്തോടെയാണ് പൊതുജനം എത്തുന്നത്. ഓഫിസിനുള്ളിലെ സീലിങ്ങും പൊളിഞ്ഞു നില്‍ക്കുന്നതിനാല്‍ ജീവനക്കാരും ജീവന്‍ പണയം വച്ചാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരം കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ക്കായി 85 ലക്ഷം രൂപയുടെ ടെക്‌നിക്കല്‍ സെക്ഷന് അനുമതി തേടിയതായി പിഡബ്ല്യുഡി ബില്‍ഡിങ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ രാഗേഷ് പറഞ്ഞു.

RELATED STORIES

Share it
Top