സിലബസ് പരിഷ്‌കരണം:എംജിയില്‍ കൂട്ടരാജികോട്ടയം: എംജി സര്‍വകലാശാലയിലെ ബികോം സിലബസ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസ് (കൊമേഴ്‌സ്) ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ ഒമ്പത് അംഗങ്ങള്‍ രാജിവച്ചു. ചെയര്‍പേഴ്‌സന്‍ ഡോ. ഹെലാനി, അംഗങ്ങളായ സാംജി തോമസ്, വി വി ജോര്‍ജ്കുട്ടി,  ബാബു സെബാസ്റ്റിയന്‍, ജിംസണ്‍ ഡി പറമ്പില്‍, ജോണ്‍സണ്‍ വര്‍ഗീസ്, വി എ ഡൊമിനിക്,  സി എ ഗീത, ജി എസ് ഗിരീഷ്‌കുമാര്‍ എന്നിവരാണ് രാജിവച്ചത്. രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തതായി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊമേഴ്‌സ് സിലബസ് പരിഷ്‌കരിക്കുന്നതിന് എംജി സര്‍വകലാശാലാ അധികൃതര്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ യാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇതു പ്രകാരം ഒരു വര്‍ഷത്തെ പഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷം പരിഷ്‌കരിച്ച കരട് സിലബസ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് മാതൃകാ ചോദ്യപേപ്പര്‍ ഉള്‍പ്പെടെയുള്ള സിലബസ് 2016ല്‍ തന്നെ സര്‍വകലാശാലയില്‍ സമര്‍പ്പിച്ചു. വിസിയുടെ ഒപ്പോടുകൂടി അംഗീകരിച്ച സിലബസ്  2016-17 അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കാനും തീരുമാനിച്ചിരുന്നു.  എന്നാല്‍, പുതുതായി നിലവില്‍ വന്ന സിന്‍ഡിക്കേറ്റ് ഭരണസമിതി ഈ സിലബസ് മരവിപ്പിക്കുകയും സിലബസ് പരിഷ്‌കരണത്തിനു തല്‍പരകക്ഷികളെ ഉള്‍പ്പെടുത്തി ബോര്‍ഡ് ഓഫ് ഫാക്കല്‍റ്റി രൂപീകരിക്കുകയുമായിരുന്നുവെന്ന് അംഗങ്ങള്‍ ആരോപിച്ചു. നിയമാനുസൃതം രൂപീകരിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ മറികടന്നു തയ്യാറാക്കിയ പുതിയ സിലബസ് പുസ്തക കച്ചവടക്കാരെ സഹായിക്കാനുള്ളതാണ്. മറ്റ് സര്‍വകലാശാലകളുടെ സിലബസുമായോ യുജിസി കരിക്കുലവുമായോ പൊരുത്തപ്പെടാത്ത സിലബസില്‍ ഉടനീളം അബദ്ധങ്ങളാണ് കടന്നുകൂടിയിരിക്കുന്നത്. മോഡല്‍ 11, 111, ബികോം പ്രോഗ്രാമില്‍ നിന്ന് കോര്‍ പേപ്പറായ ഓഡിറ്റിങും ഫൈനാന്‍സ് ആന്റ് ടാക്‌സേഷനില്‍ നിന്ന് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റും ഒഴിവാക്കി. 2016-17 മുതല്‍ ഇന്ത്യന്‍ കമ്പനികള്‍ നിര്‍ബന്ധമായി പാലിക്കേണ്ട ഐഎഫ്ആര്‍എസിനെക്കുറിച്ച് മനസ്സിലാക്കാന്‍ പോലും സിലബസില്‍ അവസരമില്ല. മുന്‍ സിന്‍ഡിക്കേറ്റിന്റെ കാലത്ത് തയ്യാറാക്കിയ സിലബസില്‍ അപാകതകളുണ്ടെന്ന ആക്ഷേപമാണ് ഇപ്പോഴത്തെ സിലബസ് പരിഷ്‌കരണത്തിനു കാരണമായി പറയുന്നത്. എന്നാല്‍, അന്ന് എതിര്‍പ്പായി ഉന്നയിച്ച കാര്യങ്ങള്‍ പുതിയ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. തട്ടിക്കൂട്ടിയ സിലബസിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിസിക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഫാക്കല്‍റ്റി തയ്യാറാക്കിയ സിലബസിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലാത്തതിനാലാണ് നിലവിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് രാജിവയ്ക്കുന്നതെന്നും അംഗങ്ങള്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top