സിറിയ: യുദ്ധവിമാനം വെടിവച്ചിട്ടു; റഷ്യ വ്യോമാക്രമണം ശക്തമാക്കി

ദമസ്‌കസ്: സിറിയന്‍ വിമതര്‍ റഷ്യന്‍ യുദ്ധവിമാനം വെടിവച്ചിട്ടു. ഇതോടെ, സിറിയയില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കി. ഇദ്‌ലിബ് പ്രവിശ്യയില്‍ ശനിയാഴ്ചയാണ് വിമത സായുധ സംഘടനയായ തഹ്‌രീര്‍ അല്‍ ശാം റഷ്യന്‍ യുദ്ധവിമാനം വെടിവച്ചുവീഴ്ത്തിയത്. വിമാനം താഴെ പതിക്കുന്നതിനു മുമ്പ് ചാടിരക്ഷപ്പെട്ട പൈലറ്റിനെ വിമതര്‍ പിടികൂടി കൊലപ്പെടുത്തി. കൊല്ലപ്പെടുന്നതിനു മുമ്പു വിമാനം അപകടത്തില്‍പ്പെട്ട വിവരം പൈലറ്റ് റഷ്യന്‍ അധികൃതരെ അറിയിച്ചിരുന്നു.  സംഭവം പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യയുടെ സുഖോയ് 25 യുദ്ധവിമാനമാണ് വിമതര്‍ തകര്‍ത്തത്. ഇതിനുപിന്നാലെ റഷ്യ സിറിയയില്‍ വ്യോമാക്രമണം ശക്തമാക്കുകയായിരുന്നു. റഷ്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ നിരവധി സിവിലിയന്‍മാരും വിമതരും കൊല്ലപ്പെട്ടതായി റിപോര്‍ട്ടുണ്ട്. ഞായറാഴ്ച രാവിലെ മുതല്‍ ഇദ്‌ലിബില്‍ റഷ്യ 68ഓളം വ്യോമാക്രമണങ്ങള്‍ നടത്തിയതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘം അറിയിച്ചു. യന്ത്രത്തോക്ക് ഉപയോഗിച്ചാണ് വിമതര്‍ റഷ്യന്‍ വിമാനം വീഴ്ത്തിയതെന്നാണ് റിപോര്‍ട്ട്. സുഖോയ് 25 നടത്തിയ ആക്രമണത്തില്‍ 30 വിമതര്‍ കൊല്ലപ്പെട്ടതായി നേരത്തേ റഷ്യ അവകാശപ്പെട്ടിരുന്നു. ശനിയാഴ്ച വൈകീട്ട് 35 വ്യോമാക്രമണങ്ങളും നടത്തിയതായി റിപോര്‍ട്ടുണ്ട്. ഇതില്‍ ആറു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം ശക്തമായതോടെ പ്രദേശത്തു നിന്ന് ആയിരക്കണക്കിനു സിവിലിയന്‍മാര്‍ പലായനം തുടങ്ങി.  അസദ് സര്‍ക്കാരിനെ പിന്തുണച്ച് 2015ല്‍ വ്യോമാക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് റഷ്യന്‍ വിമാനത്തിനു നേരെ വിമത ആക്രമണമുണ്ടാവുന്നത്.

RELATED STORIES

Share it
Top