സിറിയ: കിഴക്കന്‍ ഗൂത്തയില്‍ ആക്രമണം വീണ്ടും ശക്തമാക്കി

ദമസ്‌കസ്: സര്‍ക്കാര്‍ ഉപരോധത്തിലുള്ള കിഴക്കന്‍ ഗൂത്തയില്‍ സിറിയന്‍ സൈന്യം വീണ്ടും ആക്രമണം ശക്തമാക്കി. ഉപരോധ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കു സഹായവുമായെത്തിയ ട്രക്കുകളെ കഴിഞ്ഞ ദിവസം മേഖലയിലേക്കു കടക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കിലും ശക്തമായ ആക്രമണം കാരണം അതു സിവിലിയന്‍മാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നു സന്നദ്ധ സംഘടനകള്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ടു മുതല്‍ നടന്ന ബോംബാക്രമണങ്ങളില്‍ 70ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ എല്ലാ ദിവസവും അഞ്ചു മണിക്കൂര്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത ശേഷമുള്ള ഏറ്റവും രക്തരൂഷിത ആക്രമണമായിരുന്നു കഴിഞ്ഞദിവസം നടന്നത്.
സിവിലിയന്‍മാര്‍ക്ക് രക്ഷപ്പെടാനും പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനുമായിരുന്നു ദിവസവും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസം സിവിലിയന്‍മാരെയും ജനവാസ മേഖലകളും കേന്ദ്രീകരിച്ച് സിറിയന്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കുകയായിരുന്നു.
റെഡ്‌ക്രോസിന്റെയും റെഡ്ക്രസന്റിന്റെയും സഹായങ്ങളുമായി 46 ട്രക്കുകള്‍ കിഴക്കന്‍ ഗൂത്തയിലേക്കു കടത്തിവിട്ടതിനു പിന്നാലെയായിരുന്നു വ്യോമാക്രമണം വീണ്ടും ശക്തമാക്കിയത്. സിവിലിയന്‍മാര്‍ക്ക് വിതരണം ചെയ്യാനെത്തിച്ച നിരവധി ഭക്ഷ്യസാധനങ്ങളടക്കമുള്ളവ സിറിയന്‍ സൈന്യം പിടിച്ചെടുത്തതായും സന്നദ്ധ സംഘടനകള്‍ അറിയിച്ചു.
അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങളും ഭക്ഷണങ്ങളുമായെത്തിയ ട്രക്ക് സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയതോടെ ഗുത്തയില്‍ നിന്നു തിരിച്ചുപോവാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.
സന്നദ്ധ സംഘടനകള്‍ എത്തിച്ച 70 ശതമാനത്തോളം മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും മേഖലയില്‍ വിതരണം ചെയ്യുന്നത് സിറിയന്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണെന്നും സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ആദം വ്യക്തമാക്കി.

RELATED STORIES

Share it
Top