സിറിയ: ഏത് സമയത്തും യുഎസ് ആക്രമിച്ചേക്കാം

വാഷിങ്ടണ്‍: സിറിയയില്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണം നടത്തുമെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിറിയയില്‍ എപ്പോള്‍ ആക്രമണം നടക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ അത് ഉടന്‍ തന്നെയോ അല്ലെങ്കില്‍ അത്ര പെട്ടെന്നല്ലാതെയോ സംഭവിക്കാമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. സിറിയയില്‍ മിസൈല്‍ ആക്രമണം നേരിടുന്നതിനായി തയ്യാറെടുത്തോളാന്‍ റഷ്യക്ക് യുഎസ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയക്കെതിരേ യുഎസ് മിസൈലുകള്‍ തൊടുത്തുവിട്ടാല്‍ വെടിവച്ചിടുമെന്ന് റഷ്യയും പ്രതികരിച്ചിരുന്നു.
സിറിയയില്‍ യുഎസ് ആക്രമണം ഉടനുണ്ടാവുമെന്നാണ് ട്രംപിന്റെ പുതിയ ട്വീറ്റ് വ്യക്തമാക്കുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. സിറിയയിലെ കിഴക്കന്‍ ദൂമയിലുണ്ടായ രാസായുധ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസിന്റെ നീക്കം. യുഎസിനെ അനുകൂലിച്ച് യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളടക്കമുള്ള രാജ്യങ്ങള്‍ പ്രതികരണമറിയിച്ചിരുന്നു. രാസാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയന്‍ സര്‍ക്കാര്‍ സൈന്യത്തിനെതിരേ നടപടിയെടുക്കണമെന്ന് ഏതാനും യൂറോപ്യന്‍ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു.
മിസൈലുകള്‍ ഭീകരര്‍ക്കു നേര്‍ക്കാണ് അയക്കേണ്ടതെന്നും നിയ—മപരമായി നിലനില്‍ക്കുന്ന സര്‍ക്കാരിനെതിരല്ലെന്നും സിറിയയില്‍ ആക്രമണം നടത്താനുള്ള യുഎസ് നീക്കത്തോട് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ട്വിറ്റര്‍ നയതന്ത്രത്തിലല്ല തങ്ങള്‍ വിശ്വസിക്കുന്നതെന്നും റഷ്യ പ്രതികരിച്ചു. ഗൗരവമായ സമീപനം സ്വീകരിക്കുന്നതിനെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്നു ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. മോശം അവസ്ഥയിലെത്തിയ സാഹചര്യങ്ങള്‍ വീണ്ടും വഷളാക്കുന്ന നടപടികള്‍ സ്വീകരിക്കാതിരിക്കുക എന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘര്‍ഷം ഒഴിവാക്കണമെന്നും ചര്‍ച്ചയ്ക്കു തയ്യാറാണെന്നും റഷ്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സിറിയയില്‍ നടന്ന രാസായുധാക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയില്‍ യുഎസ് അവതരിപ്പിച്ച ബില്ല് റഷ്യ വീറ്റോ അധികാരം ഉപയോഗിച്ച് കഴിഞ്ഞദിവസം തള്ളുകയും ചെയ്തിരുന്നു. 12 രാജ്യങ്ങള്‍ അമേരിക്കയ്ക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ബൊളീവിയ റഷ്യയെ പിന്താങ്ങുകയും ചൈന വോട്ടിങില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. സൈപ്രസില്‍ നിന്ന് മിസൈല്‍ നശീകരണ കപ്പലായ യുഎസ്എസ് ഡൊണാള്‍ഡ് കുക്ക് സിറിയയിലേക്ക് തിരിച്ചതായും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

RELATED STORIES

Share it
Top