സിറിയ: എട്ടുവര്‍ഷത്തിനു ശേഷം വിമത കേന്ദ്രം പിടിച്ചെടുത്തു

ദമസ്‌കസ്: ആഭ്യന്തര സംഘര്‍ഷത്തിന്റെ പ്രഭവ കേന്ദ്രമായ തെക്കന്‍ സിറിയയിലെ ദര്‍ആ എട്ടു വര്‍ഷത്തിനു ശേഷം സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചു. വര്‍ഷങ്ങളായി വിമത നിയന്ത്രണത്തിലായിരുന്ന പ്രദേശം പിടിച്ചെടുത്ത സിറിയന്‍ സൈന്യം അവിടെ വിജയ പതാക നാട്ടി. 2011 മുതല്‍ വിമത കേന്ദ്രമായി പ്രവര്‍ത്തിച്ച പ്രദേശത്തെ സര്‍ക്കാര്‍ പോസ്റ്റ് ഓഫിസില്‍ സൈന്യം ദേശീയപതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഔദ്യോഗിക ടിവി ചാനല്‍ സംപ്രേഷണം ചെയ്തു.
ഇസ്രായേല്‍ ജോര്‍ദാന്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശം സിറിയയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ പ്രദേശമാണ്. റഷ്യ-ഇറാന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം മൂന്നാഴ്ചയായി നടത്തിയ ശക്തമായ ആക്രമണത്തിനൊടുവിലാണ് പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് ചരിത്രനേട്ടമുണ്ടായത്. അന്താരാഷ്ട്ര വാണിജ്യത്തിന്റെ പ്രധാന കവാടം കൂടിയാണ് പ്രദേശം.
ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഗോലാന്‍ കുന്നുകളില്‍ തമ്പടിച്ചിരിക്കുന്ന ഐഎസ് സായുധരുടെ താവളങ്ങളായിരിക്കും ഇനി സിറിയന്‍ സൈന്യത്തിന്റെ ലക്ഷ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍, ഇതിനോട് ഇസ്രായേല്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്നു വ്യക്തമല്ല. കഴിഞ്ഞ ദിവസം തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ സിറിയയുടെ ആളില്ലാ ഡ്രോണ്‍ പ്രവേശിച്ചുവെന്നാരോപിച്ച് മൂന്നു സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചിരുന്നു.
ദര്‍ആ തിരിച്ചുപിടിച്ചതോടെ എട്ടു വര്‍ഷം നീണ്ട ആഭ്യന്തര സംഘര്‍ഷത്തിനിടെ മിക്ക പ്രദേശങ്ങളും സിറിയന്‍ സേനയുടെ നിയന്ത്രണത്തിലായി. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ഏതാനും പ്രദേശങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വിമതരുടെ നിയന്ത്രണത്തിലുള്ളത്. കിഴക്കന്‍ പ്രദേശം കുര്‍ദുകളുടെ നിയന്ത്രണത്തിലുമാണ്.

RELATED STORIES

Share it
Top