'സിറിയ: ആരെയും അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ ഇല്ല'

ആങ്കറ: സിറിയന്‍ വിഷയത്തില്‍ ഏതെങ്കിലും രാജ്യത്തിന് അനുകൂലമായോ പ്രതികൂലമായോ നിലപാട് സ്വീകരിക്കുന്നില്ലെന്നു തുര്‍ക്കി. ഇറാന്‍, റഷ്യ, യുഎസ് എന്നീ രാജ്യങ്ങളുടേതില്‍ നിന്നു വ്യത്യസ്തമായ നയമാണ് ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ളതെന്നു തുര്‍ക്കി ഉപ പ്രധാനമന്ത്രി ബകര്‍ ബുസ്ദാഗ്.
വ്യോമാക്രമണത്തെ പിന്തുണച്ച തുര്‍ക്കി നിലപാട് അവര്‍ റഷ്യയുമായി വേര്‍പിരിയുന്നതിന്റെ സൂചനയാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, സിറിയന്‍ വിഷയത്തില്‍ തുര്‍ക്കി ഇതുവരെ പിന്തുടര്‍ന്നുവന്ന നയം മാറ്റിയിട്ടില്ലെന്നു ബുസ്ദാഗ് പറഞ്ഞു. സിറിയയിലെ വൈപിജി കുര്‍ദ് സായുധ വിഭാഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഎസുമായി ഐക്യപ്പെടാവുന്ന നയം തുര്‍ക്കിക്കില്ല. ഇറാനും റഷ്യയും ചെയ്യുന്നതുപോലെ സിറിയന്‍ സര്‍ക്കാരിനെ നിരുപാധികം പിന്തുണയ്ക്കാവുന്ന നിലപാടും തുര്‍ക്കിക്കില്ലെന്ന് ഉപ പ്രധാനമന്ത്രി പറഞ്ഞു.
സിറിയയില്‍ ശരിയായ തത്ത്വങ്ങള്‍ പുലരാന്‍ ഏത് രാജ്യവുമായി സഹകരിക്കുന്നതിനും തുര്‍ക്കിക്ക് പ്രശ്‌നമില്ലെന്നും ഉപ പ്രധാനമന്ത്രി പറഞ്ഞു.  രാസായുധ പ്രയോഗത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ്, ഫ്രഞ്ച്, ബ്രിട്ടിഷ് സേനകള്‍ നടത്തിയ വ്യോമാക്രമണം അസദ് ഭരണകൂടത്തിന് ശക്തമായ സന്ദേശം നല്‍കുന്നതായി തുര്‍ക്കി അഭിപ്രായപ്പെട്ടിരുന്നു.

RELATED STORIES

Share it
Top