സിറിയയില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നു

ദമസ്‌കസ്: യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്ന സിറിയയിലെ സ്ത്രീകളെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി പരാതി. യുഎന്നിന്റെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും ഉദ്യോഗസ്ഥര്‍ സഹായത്തിനു പകരമായി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതായി ബിബിസി റിപോര്‍ട്ട് ചെയ്തു.
സഹായത്തിനു പകരമായി ചുരുങ്ങിയ കാലത്തേക്ക് വിവാഹബന്ധത്തിലേര്‍പ്പെടാന്‍ സ്ത്രീകളെയും കുട്ടികളെയും നിര്‍ബന്ധിക്കുന്നു, സ്ത്രീകളുടെയും കുട്ടികളുടെയും ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുന്നു, രാത്രി കൂടെ താമസിക്കാന്‍ ആവശ്യപ്പെടുന്നു എന്നിവയാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍. ഭക്ഷണത്തിനും മറ്റും പകരമായി സ്ത്രീകളെ ചൂഷണം ചെയ്യുന്നത് പതിവായതിനാല്‍ അവര്‍ സഹായവിതരണ കേന്ദ്രങ്ങളില്‍ പോവാന്‍ വിസമ്മതിക്കുന്നതായും ചില സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു. എന്നാല്‍, സിറിയയിലെ അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ സഹായമെത്തിക്കാന്‍ മറ്റു കക്ഷികളുടെയും പ്രദേശവാസികളുടെയും സഹായം അത്യാവശ്യമായതിനാല്‍ ചൂഷണങ്ങള്‍ക്കെതിരേ സന്നദ്ധ സംഘടനകള്‍ കണ്ണടയ്ക്കുകയാണെന്ന് ഒരു സന്നദ്ധ പ്രവര്‍ത്തകനെ ഉദ്ധരിച്ച് ബിബിസി റിപോര്‍ട്ട് ചെയ്തു.
യുനൈറ്റഡ് നാഷന്‍സ് പോപുലേഷന്‍ ഫണ്ട് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തിലും സിറിയയുടെ വിവിധ ഭാഗങ്ങളില്‍ സഹായ ഏജന്‍സികള്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top