സിറിയയില്‍ വെടിനിര്‍ത്തലിന് റഷ്യ-തുര്‍ക്കി-ഇറാന്‍ ധാരണ

ആങ്കറ: വ്യോമാക്രമണം ശക്തമായ സിറിയയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കിയും റഷ്യയും ഇറാനും. പ്രശ്‌നം ചര്‍ച്ചചെയ്യാനായി തുര്‍ക്കിയില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ഇറക്കിയ സംയുക്ത പ്രസ്താവനയിലാണു നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
പ്രശ്‌നത്തിനു പരിഹാരം കാണാനായി ഉര്‍ദുഗാന്റെ ക്ഷണപ്രകാരം റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ചൊവ്വാഴ്ച തുര്‍ക്കിയിലെത്തിയിരുന്നു. സിറിയയില്‍ വിവിധ കക്ഷികള്‍ തമ്മില്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു.
വ്യോമാക്രമണം ശക്തമായ കിഴക്കന്‍ ഗൗത്തയില്‍ പരിക്കേറ്റവരെ ചികില്‍സിക്കാന്‍ സംയുക്തമായി ആശുപത്രികള്‍ നിര്‍മിക്കാനും തുര്‍ക്കിയും റഷ്യയും തീരുമാനമായി.
സിറിയയിലെ തെല്‍ അബ്‌യാദ് പ്രദേശത്താണ് ആശുപത്രികള്‍ നിര്‍മിക്കുകയെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും സൈനികരായിരിക്കും ആശുപത്രികള്‍ ഒരുക്കുന്നതിന് മേല്‍നോട്ടം വഹിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
വെടിനിര്‍ത്തല്‍ നടപ്പില്‍വരുത്താന്‍ വിമതര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. സിറിയന്‍ ഭരണകൂടത്തിന്റെയോ വിമത വിഭാഗങ്ങളുടെയോ പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.
അതേസമയം കിഴക്കന്‍ ഗൂത്ത പിടിച്ചെടുക്കാനുള്ള സിറിയന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ഔദ്യോഗിക പത്രമായ അല്‍വത്തന്‍ റിപോര്‍ട്ട് ചെയ്തു. അവസാന വിമത കേന്ദ്രവും നിയന്ത്രണത്തിലാക്കാന്‍ കുറച്ചു സമയം കൂടിയേ അവശേഷിക്കുന്നുള്ളൂവെന്നു റഷ്യന്‍ സൈനിക മോധാവി അറിയിച്ചു. വിമത നിയന്ത്രണത്തില്‍ അവശേഷിക്കുന്ന ദൗമയില്‍ നിന്നു വിമതരെയും സിവിലിയന്‍മാരെയും ദിവസങ്ങള്‍ക്കകം ഒഴിപ്പിക്കുമെന്നും ലഫ്റ്റനന്റ് ജനറല്‍ സെര്‍ജി റഡ്‌സ്‌കോയ് അറിയിച്ചു. ചൊവ്വാഴ്ച ദൗമയില്‍ നിന്ന് 2,350 ജെയഷ് അല്‍ ഇസ്‌ലാം വിമതരെയും കുടുംബങ്ങളെയും ഒഴിപ്പിച്ചതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.

RELATED STORIES

Share it
Top