സിറിയയില്‍ കൂട്ട കുഴിമാടം കണ്ടെത്തി

ദമസ്‌കസ്: വടക്കന്‍ സിറിയയിലെ റഖ പ്രവിശ്യയില്‍ നിന്നു കൂട്ട കുഴിമാടം കണ്ടെത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. 115 മൃതദേഹങ്ങളടങ്ങിയ കുഴിമാടമാണ് കണ്ടെത്തിയത്. ഐഎസ് നിയന്ത്രണത്തില്‍ നിന്ന് ഒക്ടോബറില്‍ സിറിയന്‍ സൈന്യം തിരിച്ചുപിടിച്ച പ്രദേശമാണ് റഖ. സിവിലിയന്‍മാരുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേയും ഐഎസില്‍ നിന്നു പിടിച്ചെടുത്ത നഗരങ്ങളില്‍ കൂട്ട കുഴിമാടങ്ങള്‍ കണ്ടെത്തിയിരുന്നു.
അതേസമയം, വിമത നിയന്ത്രണത്തിലുള്ള ഇദ്‌ലിബ്, ഹാമ പ്രവിശ്യകളില്‍ ബശ്ശാറുല്‍ അസദിന്റെ സൈന്യം ആക്രമണം ശക്തമാക്കി. ഇരു നഗരങ്ങളില്‍ നിന്നും സിവിലിയന്‍മാര്‍ കൂട്ട പലായനം തുടങ്ങി. ഇദ്‌ലിബിലും ഹാമയിലും നിരവധി ഗ്രാമങ്ങള്‍ സൈന്യം നിയന്ത്രണത്തിലാക്കിയതായി സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. 2011ല്‍ ആരംഭിച്ച ആഭ്യന്തര സംഘര്‍ഷത്തില്‍ 3,40,000ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ദശലക്ഷക്കണക്കിനു പേര്‍ പലായനം ചെയ്യുകയും ചെയ്തു.

RELATED STORIES

Share it
Top