സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് റഷ്യ

വാഷിങ്ടണ്‍: സിറിയയില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. ബ്രിട്ടണും ഫ്രാന്‍സിനുമൊപ്പമാണ് അമേരിക്കയുടെ സൈനിക നടപടി. സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം. ആക്രമണ വാര്‍ത്ത സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ്  ഡൊണാള്‍ഡ് ട്രംപ്, രാസായുധ സംഭരണ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് മുന്നറിയിപ്പു നല്‍കി. അതേസമയം കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ പ്രതികരിച്ചിട്ടുണ്ട്.സിറിയയില്‍ സംയുക്ത സൈനിക നീക്കത്തിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും ശ്രമിക്കുന്നതായി സൂചനകള്‍ പുറത്തുവന്നിരുന്നു എന്നാല്‍, ഈ വിഷയത്തില്‍ യുഎസ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ട്രംപിന്റെ മാധ്യമ സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് പറഞ്ഞത്.  സിറിയയിലെ അസദ് സര്‍ക്കാരിന്റെ രാസായുധ പ്രയോഗം ചോദ്യം ചെയ്യപ്പെടാതിരിക്കരുതെന്ന കാര്യത്തില്‍ ബ്രിട്ടനുമായി സര്‍ക്കാര്‍ ധാരണയിലെത്തിയതായി യുഎസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സിറിയയിലെ ദൗമ പട്ടണത്തിലുണ്ടായ രാസായുധ ആക്രമണം കെട്ടിച്ചമച്ചതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പ്രതികരിച്ചു. വിദേശ രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായത്തോടെയാണ് അത് ആസൂത്രണം ചെയ്തതെന്നും ലാവ്‌റോവ് പറയുന്നു.
അന്താരാഷ്ട്ര രാസായുധ നിരീക്ഷക സംഘം പരിശോധനയ്ക്കായി ദൗമയില്‍ സന്ദര്‍ശിക്കാനിരിക്കേയാണ് റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. റഷ്യന്‍ വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തിയതായും എന്നാല്‍, രാസായുധം പ്രയോഗിച്ചതിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും ലാവ്‌റോവ് പറഞ്ഞു. എന്നാല്‍, ദൗമയില്‍ ആക്രമണം കെട്ടിച്ചമച്ചതാണെന്നതിനുള്ള തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയില്ല. സിറിയയില്‍ സൈനിക നടപടി ആരംഭിക്കുന്നതിനുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ശ്രമം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാനേ കാരണമാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top