സിറിയയിലെ കൂട്ടക്കൊല: അന്താരാഷ്ട്ര സമൂഹം ഇടപെടണം- പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ സിറിയയിലെ സാധാരണക്കാരെയും കുട്ടികളെയും അതിഭീകരമായി കൂട്ടക്കൊല ചെയ്യുന്ന ബശ്ശാറുല്‍ അസദിന്റെ സൈനിക ക്രൂരത അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന ആവശ്യപ്പെട്ടു.
ആധുനിക കാലത്തെ ഏറ്റവും ദാരുണമായ ദുരന്തമാണ് സിറിയയില്‍ നട—ക്കുന്നത്. എന്നിട്ടും ലോകം ഇക്കാര്യത്തില്‍ മൗനമവലംബിക്കുകയാണ്. നാലുലക്ഷത്തോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്ന ഗൂത്താ നഗരത്തെ റഷ്യ നല്‍കിയ ഏറ്റവും സങ്കീര്‍ണമായ ആയുധങ്ങളുപയോഗിച്ച് സൈന്യം തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ആശുപത്രികള്‍ പോലും ബോംബാക്രമണത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നില്ല. ഇതിനകം 700 ഓളം സാധാരണക്കാര്‍ ഇവിടെ കൊല്ലപ്പെട്ടതില്‍ പകുതിയോളം കുട്ടികളാണ്. സന്നദ്ധപ്രവര്‍ത്തകരെപ്പോലും ഭീകരമുദ്ര ചാര്‍ത്തി ലക്ഷ്യംവയ്ക്കുന്നു.
ലോകത്തെമ്പാടുമുള്ള മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ആളുകള്‍ക്കു മാത്രമേ ഈ പ്രതിസന്ധി രൂക്ഷമാവാതെ തടയാനും ഗൂത്താ നഗരവാസികളുടെ സുരക്ഷ ഉറപ്പുവരുത്താനും സാധിക്കുകയുള്ളൂ.
സാധാരണക്കാരുടെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ സിറിയക്ക് മേല്‍ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദം ചെലുത്തണം.
റഷ്യ, ഇറാന്‍, ബശ്ശാറുല്‍ അസദ് എന്നിവര്‍ക്കെതിരേ യുദ്ധക്കുറ്റങ്ങള്‍ ചുമത്താനും യുദ്ധത്തില്‍ തകര്‍ന്ന സിറിയയില്‍ രാഷ്ട്രീയ പരിഹാരത്തിലൂടെ സമാധാനവും ജനാധിപത്യവും നീതിയും ഉറപ്പുവരുത്താനും ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും മുഹമ്മദലി ജിന്ന ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top