സിറിയക്കെതിരേ ഗുരുതര ആരോപണം: കൂട്ടക്കൊല മറയ്ക്കാന്‍ മൃതദേഹങ്ങള്‍ കൂട്ടമായി കത്തിക്കുന്നു-യുഎസ്‌വാഷിങ്ടണ്‍: സിറിയന്‍ സര്‍ക്കാറിനെതിരേ ഗുരുതര ആരോപണവുമായി യുഎസ്. തെളിവു നശിപ്പിക്കാന്‍ ജയിലുകളില്‍ കൊലപ്പെടുത്തുന്ന രാഷ്്്ട്രീയ എതിരാളികളുടെ മൃതദേഹങ്ങള്‍ കൂട്ടമായി കത്തിച്ചുകളയുകയാണെന്നാണ് ആരോപണം. രണ്ടാം ലോകയുദ്ധ കാലത്ത് നാത്‌സി ജര്‍മനിയില്‍ നടന്ന കൂട്ടക്കൊലയ്ക്കു സമാനമാണ് സിറിയയിലെ അവസ്ഥ. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പുറത്തുവിടുന്നതെന്ന് യുഎസ് പറഞ്ഞു. സിറിയയിലെ കൊടും ക്രൂരതകളെക്കുറിച്ചുള്ള പുതിയ വിവരങ്ങളും യുഎസ് പുറത്തുവിട്ടു. ബശ്ശാറുല്‍ അസദിന്റെയും ഇറാന്റെയും പിന്തുണയോടെയാണ് അതിക്രമം അരങ്ങേറുന്നത്. ഉപഗ്രഹ ചിത്രങ്ങള്‍ വഴി ലഭ്യമായ വിവരപ്രകാരം ദിവസം 54 പേരുടെ മൃതദേഹങ്ങള്‍ കത്തിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിക്കാന്‍ പറ്റുന്ന പുതിയ കേന്ദ്രം സിറിയന്‍ ജയിലില്‍ തുടങ്ങിയതായും യുഎസ് ആരോപിച്ചു. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാത്രം സയ്ദ്‌നയയില്‍ 2013 മുതല്‍ ഒരു കെട്ടിടം നിര്‍മിച്ചിരുന്നു. ഇത് വിപുലപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനമായ ദമസ്‌കസിന് വടക്കുള്ള സൈനിക ജയിലിലാണ് കൂട്ടക്കൊല നടക്കുന്നതെന്നു യുഎസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി സ്റ്റുവര്‍ട്ട് ജോണ്‍സ് പറഞ്ഞു. സൈനിക ജയില്‍ വിപുലപ്പെടുത്തിയത് കൂട്ടക്കൊല മറച്ചുവയ്ക്കാനാണെന്ന് ജോണ്‍സ് പറഞ്ഞു. സിറിയന്‍ സര്‍ക്കാരിന്റെ ക്രൂരത സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ഇത്തരം മറകള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ കണക്കു പ്രകാരം 2011-15 കാലയളവില്‍ 11,000 പേര്‍ ജയിലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. യുഎസ് ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ അസദ് ഭരണകൂടത്തിനെതിരേ യുദ്ധക്കുറ്റം ചുമത്തിയേക്കും. അതേസമയം, സിറിയയില്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്ന എല്ലാവരെയും വിചാരണയ്ക്ക് വിധേയരാക്കേണ്ടത് അനിവാര്യമാണെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫന്‍ ദുജാരിക് ആവശ്യപ്പെട്ടു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം.

RELATED STORIES

Share it
Top