സിറിയക്കും മ്യാന്‍മറിനും ആയുധം നല്‍കുന്നു

ജനീവ: ഉത്തര കൊറിയ സിറിയക്കും മ്യാന്‍മറിനും ആയുധങ്ങള്‍ കൈമാറുന്നതായി യുഎന്‍ റിപോര്‍ട്ട്. ഉപരോധം ലംഘിച്ച് കല്‍ക്കരി, ഇരുമ്പ്, സ്റ്റീല്‍ എന്നിവ കയറ്റുമതി ചെയ്യുന്നതായും യുഎന്‍ കണ്ടെത്തി. ഇത്തരം നിരോധിത ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്ത് 2017 ജനുവരിക്കും സപ്തംബറിനുമിടെ ഉത്തര കൊറിയ 200 ദശലക്ഷം ഡോളര്‍ വരുമാനമുണ്ടാക്കിയതായും റിപോര്‍ട്ടില്‍ പറയുന്നു.
അണ്വായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ ഉത്തര കൊറിയ സഹായിക്കുന്നുണ്ട്. മ്യാന്‍മര്‍ സൈന്യത്തിന് ബാലിസ്റ്റിക് മിസൈല്‍ നല്‍കുന്നതും ഉത്തര കൊറിയയാണ്. കപ്പലുകള്‍ വഴിയാണ് ചൈന, മലേസ്യ, ദക്ഷിണ കൊറിയ, റഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്കു കല്‍ക്കരി വിതരണം ചെയ്തത്. വളരെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ഈ കൈമാറ്റങ്ങള്‍ നടക്കുന്നതെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
യുഎന്‍ രക്ഷാസമിതിയുടെ ഉപരോധനിരീക്ഷണ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്തയോട് ഉത്തര കൊറിയയുടെ യുഎന്‍ സ്ഥാനപതി പ്രതികരിച്ചിട്ടില്ല. ഉത്തര കൊറിയയുടെ ആയുധപദ്ധതികള്‍ക്കുള്ള സാമ്പത്തിക ഉറവിടങ്ങള്‍ ഇല്ലാതാക്കുന്നതിനായി 2006 മുതല്‍ കല്‍ക്കരി, ഇരുമ്പ്, സ്റ്റീല്‍, തുണിത്തരങ്ങള്‍, കടല്‍മല്‍സ്യങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്നതിന് യുഎന്‍ രക്ഷാസമിതി ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയക്കെതിരായ ഉപരോധം യുഎന്‍ ശക്തമാക്കുകയും ചെയ്തു.
നിയമവിരുദ്ധ നടപടികളിലൂടെ ആഗോള എണ്ണവ്യാപാര ശൃംഖലയെയും വിദേശ കമ്പനികളെയും ബാങ്കിങ് സംവിധാനങ്ങളെയും ചൂഷണം ചെയ്ത് യുഎന്നിന്റെ സമീപകാലത്തെ ഉപരോധങ്ങളെ വരെ മറികടക്കാന്‍ ഉത്തര കൊറിയ ശ്രമിക്കുന്നതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top