സിമി നിരോധനം തുടരണോ?; ആം ആദ്മി സര്‍ക്കാരിന് ഊഴം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: സിമി നിരോധന കാലാവധി അവസാനിക്കാനിരിക്കെ നിരോധനം തുടരണോ വേണ്ടയോ എന്നതില്‍ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരില്‍ നിന്നു കേന്ദ്രം റിപോര്‍ട്ട് തേടി. വാജ്‌പേയി സര്‍ക്കാര്‍ 2001ല്‍ ഏര്‍പ്പെടുത്തിയ നിരോധനം 2019 ജനുവരിയോടെയാണ് അവസാനിക്കുക. പുതിയ നിരോധനം ഉള്‍പ്പെടുത്തുന്നതിനും നിലവിലെ നിരോധനം നീട്ടുന്നതിനുമാണ് ഡല്‍ഹി ചീഫ് സെക്രട്ടറിയില്‍ നിന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് റിപോര്‍ട്ട് തേടിയിരിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സംഘടനയോ സംഘടനാ പ്രവര്‍ത്തകരോ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ചായിരിക്കും നടപടികള്‍ ഉണ്ടാവുക. 2001ല്‍ വാജ്‌പേയി സര്‍ക്കാരാണ് സിമിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. സപ്തംബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഇടപെടലിനെ തുടര്‍ന്നായിരുന്നു നടപടി.ഏഴു വര്‍ഷത്തിനു ശേഷം 2008 ആഗസ്തില്‍ പ്രത്യേക െ്രെടബ്യൂണല്‍ ജഡ്ജി ഗീത മിത്തല്‍ നിരോധനം എടുത്തുകളഞ്ഞിരുന്നു. എന്നാല്‍, അന്നത്തെ സുപ്രിംകോടതി ചീഫ്ജസ്റ്റിസിലേക്ക് വിഷയത്തെ എത്തിച്ച യുപിഎ സര്‍ക്കാര്‍ ജസ്റ്റിസ് ഗീത മിത്തലിന്റെ വിധിക്ക് സ്‌റ്റേ വാങ്ങി. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയായിരുന്നു നടപടിയെന്നാണ് വിധിയില്‍ പറഞ്ഞത്. എന്നാല്‍, രാജ്യത്ത് 25 വര്‍ഷം പഴക്കമുള്ള സം ഘട നയ്‌ക്കെതിരേ നിരോധനം നടപ്പാക്കുന്നതിനു മുമ്പ് ഒരൊറ്റ കേസും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വിഷയത്തില്‍ പ്രത്യേക െ്രെടബ്യൂണലുകളില്‍ നിന്നു സിമിക്കെതിരായിട്ടായിരുന്നു വിധി. സിമി അംഗത്വം തുടരുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ റിപോര്‍ട്ടില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് വിശദമായി പരാമര്‍ശിക്കണമെന്നും കേന്ദ്രം ഡല്‍ഹി സര്‍ക്കാരിന് അയച്ച കത്തില്‍ പ്രസ്താവിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രം റിപോര്‍ട്ട് തേടിയിട്ടുണ്ട്.

RELATED STORIES

Share it
Top