സിമി കേസ്: രണ്ടര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 58 കാരിക്ക് ജാമ്യംന്യൂഡല്‍ഹി:  ബിജെപി ഭരണകാലത്ത് നിരോധിച്ച സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് ജയിലിലടച്ച 58കാരിക്ക് രണ്ടര വര്‍ഷത്തിന് ശേഷം സുപ്രിംകോടതി ജാമ്യം അനുവദിച്ചു.
നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചു, രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു തുടങ്ങിയ കുറ്റം ചാര്‍ത്തിയാണ് നസ്മാബീ എന്ന വിധവയെ 2016 ഫെബ്രുവരിയില്‍ ഒഡീഷ പോലീസ് അറസ്റ്റ് ചെയ്ത് റൗര്‍കേല ജയിലിലടച്ചത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ശ്രമിച്ചുവെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 121, സമാനമായ യുഎപിഎ ആക്ടിലെ സക്ഷന്‍ 148 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയിരുന്നത്. 2013ല്‍ മധ്യപ്രദേശിലെ കാണ്ഡുവ ജയിലില്‍ നിന്ന് ഇവരുടെ ഏക മകന്‍ മഹ്ബൂബ് ജയില്‍ ചാടി എന്ന് ആരോപിച്ചാണ് മധ്യപ്രദേശ്, തെലങ്കാന, ഒഡീഷ പോലീസ് സംയുക്തമായി ഇവരുടെ വീട് റെയ്ഡ് ചെയ്ത് നസ്മാബിയെ അറസ്റ്റ് ചെയ്തത്. നേരത്തെ വിചാരണ കോടതിയും കഴിഞ്ഞ വര്‍ഷം അവസാനം ഒഡീഷ ഹൈക്കോടതിയും ഇവരുടെ ജാമ്യ ഹരജി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് കഴിഞ്ഞ ജൂലൈയില്‍ ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചത്. മനുഷ്യാവകാശ സംഘടനകളായ എന്‍സിഎച്ച്ആര്‍ഒ, പിയുസിഎല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, എച്ച് ആര്‍എല്‍എന്‍ എന്നീ സംഘടനകളാണ് ഇവര്‍ക്ക് നിയമ സഹായം നല്‍കിയിരുന്നത്. നസ്മാബിക്ക് വേണ്ടി പ്രമുഖ അഭിഭാഷകരായ കോളിന്‍ ഗോന്‍സാല്‍വ്‌സ്, മുഹമ്മദ് മുബിന്‍ അഖ്താര്‍ എന്നിവരാണ് സുപ്രിംകോടതിയില്‍ ഹാജരായത്.

RELATED STORIES

Share it
Top