സിമന്റ് ഇറക്കിയ ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചു

കുമരകം(കോട്ടയം): വീടുപണിക്ക് എത്തിച്ച സിമന്റ് ലോറിയില്‍ നിന്നും ഇറക്കാന്‍ ശ്രമിച്ച ഗൃഹനാഥന്റെ കൈ സിഐടിയു തൊഴിലാളികള്‍ തല്ലി ഒടിച്ചു. ഇന്നലെ വൈകീട്ട് 3.30ന് കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്‌കൂളിന് മുന്‍ ഭാഗത്തായിരുന്നു സംഭവം.
സ്വന്തം വീടിന്റെ കോണ്‍ക്രീറ്റ് പണിക്കായി എത്തിച്ച സിമന്റ് ഇറക്കാന്‍ ശ്രമിച്ച വായിത്ര ആന്റണി(51)യുടെ കൈയാണ് സിഐടിയു തൊഴിലാളികള്‍ തല്ലി ഒടിച്ചത്. ആന്റണിയെ ലോറിയില്‍ നിന്നു വലിച്ചിട്ട് മര്‍ദിക്കുകയായിരുന്നു.
ആന്റണി കുമരകം പഞ്ചായത്തിന്റെ ആംബുലന്‍സ് ഡ്രൈവറാണ്. ആന്റണി വിദ്യാര്‍ഥിയായ മകന്റെ സഹായത്തോടെ ഏതാനും ചാക്ക് സിമന്റ് ഇറക്കിയപ്പോള്‍ മൂന്നുപേരെത്തി തങ്ങള്‍ സിഐടിയു തൊഴിലാളികളാണെന്നും തങ്ങള്‍ സിമന്റ് ഇറക്കിക്കൊള്ളാമെന്നും അറിയിച്ചു. എന്നാല്‍ അതു വേണ്ടെന്നും താന്‍ തന്നെ ഇറക്കിക്കൊള്ളാമെന്നും ആന്റണി പറഞ്ഞു. തുടര്‍ന്ന് തൊഴിലാളികള്‍ ലോറിയില്‍ കയറി തന്നെ തള്ളിത്താഴെയിട്ട് മര്‍ദിക്കുകയായിരുനെന്ന് ആന്റണി പറഞ്ഞു. കൈയ്ക്ക് ഒടിവ് സംഭവിച്ചതിനെ തുടര്‍ന്ന് ആന്റണി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സതേടി.
രാത്രി വൈകിയും സിമിന്റ് ചാക്കുകള്‍ വീടിന് സമീപത്തുള്ള റോഡില്‍ കിടക്കുകയാണ്.

RELATED STORIES

Share it
Top