സിബിഐ എന്നു കേട്ടാല്‍ മുഖ്യമന്ത്രിക്ക് നെഞ്ചിടിക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിബിഐ എന്നുകേട്ടാല്‍ മുഖ്യമന്ത്രി പിണറായി വിജയനു നെഞ്ചിടിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ജസ്‌ന മറിയ ജെയിംസിന്റെ തിരോധാനം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസിയുടെ നേതൃത്വത്തില്‍ നടന്ന നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രമസമാധാന രംഗത്ത് സംസ്ഥാനത്ത് വന്‍ വീഴ്ച്ചയാണ് വന്നിട്ടുള്ളത്. ഇതില്‍ പ്രത്യേകിച്ച് പത്തനംതിട്ട ജില്ലയില്‍. ജസ്‌നയെ കാണാതായി 99 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ സാധിക്കാത്തത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്്. സ്ത്രീ സുരക്ഷയ്ക്കായി കൊണ്ടുവന്ന പിങ്ക് പോലീസിന്റെ പേര് ഇപ്പോള്‍ ബ്ലാക്ക് പോലീസ് എന്നാക്കി മാറ്റേണ്ടിയിരിക്കുന്നു. കാരണം ഈ പോലീസ് സ്ത്രീ സുരക്ഷയില്‍ വന്‍ പരാജയമായി മാറിയിരിക്കയാണ്.
പോലീസിനെക്കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു ഗുണവും ഉണ്ടാവുന്നില്ല. പോലീസിന്റെ ഇപ്പോഴത്തെ പ്രധാന തൊഴില്‍ ദാസ്യപ്പണി ആയി മാറിയിരിക്കയാണ്. എല്ലാം ശരിയാക്കാന്‍ വന്നവര്‍ നാടിനെ കുട്ടിച്ചോറാക്കിയ സ്ഥിതിയാണിപ്പോള്‍. ജസ്്‌നയെ കാണാതായിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
ജസ്‌നയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കാണാതായി 99 ദിവസം കഴിഞ്ഞിട്ടും ജസ്‌നയെ കണ്ടെത്താന്‍ കഴിയാത്തത് കേരള പോലീസിന് അപമാനമാണെന്ന് തുടര്‍ന്ന് സംസാരിച്ച കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പോലീസിനെ രാഷ്ട്രീയ വല്‍ക്കരിച്ചപ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പോലീസിനെ വീട്ടുകാര്യത്തിന് ഉപയോഗിച്ച് സ്വകാര്യ വല്‍ക്കരിച്ചു. ഇതിന്റെ ഫലമാണ് പോലീസില്‍ ഇന്നുകാണുന്ന കാര്യക്ഷമത ഇല്ലായ്മയെന്നും എം എം ഹസ്സന്‍ കുറ്റപ്പെടുത്തി. പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു.
എംഎല്‍എമാരായ അടൂര്‍ പ്രകാശ്, പി ടി തോമസ്, കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്‍, കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, ഡിസിസി പ്രസിഡന്റുമാരായ നെയ്യാറ്റിന്‍ക്കര സനല്‍, ഇബ്രാഹിം കുട്ടികല്ലാര്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, നേതാക്കളായ റിങ്കു ചെറിയാന്‍, എ സുരേഷ്‌കുമാര്‍, രജനി പ്രദീപ്, ജസ്‌നയുടെ പിതാവ് ജയിംസ്, സഹോദരി ജസി പങ്കെടുത്തു.

RELATED STORIES

Share it
Top