സിബിഐ അന്വേഷിക്കണം

കൊച്ചി: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വെട്ടേറ്റു കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം സിബിഐക്കു കൈമാറി ഹൈക്കോടതി ഉത്തരവിട്ടു. ശുഹൈബിന്റെ പിതാവ് സി പി മുഹമ്മദും മാതാവ് എസ് പി റസിയയും സമര്‍പ്പിച്ച ഹരജിയിലാണ് വിധി. ഈ ഹരജി പരിഗണിക്കാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്നത് അടക്കമുള്ള സര്‍ക്കാര്‍ വാദങ്ങള്‍ തള്ളിയാണ് കൊല നടന്ന് 24ാം ദിവസം കേസന്വേഷണം സിബിഐക്കു കൈമാറി ഹൈക്കോടതി ഉത്തരവിട്ടത്. ശുഹൈബിനെ അക്രമിസംഘം കശാപ്പു ചെയ്യുകയായിരുന്നുവെന്നാണ് വ്യക്തമായതെന്ന് ഉത്തരവ് പറയുന്നു. ഈ കൊലപാതകം യുഎപിഎ നിയമത്തില്‍ പറയുന്ന കേസുകളുടെ പരിധിയില്‍ വരും. അക്രമികള്‍ തലങ്ങും വിലങ്ങും ബോംബെറിഞ്ഞ് പ്രദേശത്ത് ഭീതി പടര്‍ത്തിയെന്നാണ് പോലിസ് തന്നെ പറയുന്നത്. പ്രതികളുടെ റിമാന്‍ഡ് റിപോര്‍ട്ടിലും ഭീകരതയെക്കുറിച്ചു പരാമര്‍ശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭരിക്കുന്ന പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുള്ളതിനാല്‍ പോലിസ് മതിയായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ഹരജിക്കാര്‍ വാദിച്ചത്. ഒന്നാംപ്രതി സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. കൊലയ്ക്കു പിന്നില്‍ ഉന്നതരായ നേതാക്കളുണ്ട്. അവരെ പിടികൂടാന്‍ സിബിഐ അന്വേഷണം തന്നെ വേണമെന്നും ഹരജിക്കാര്‍ വാദിച്ചു. പക്ഷേ, സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.
കേസില്‍ പോലിസ് സ്വീകരിച്ച നടപടികളില്‍ സംശയമുണ്ടെന്ന് ഉത്തരവില്‍ കോടതി നിരീക്ഷിക്കുന്നു. കൊല നടന്ന ആറാം ദിവസം  പ്രതികള്‍ അറസ്റ്റിലായിട്ടും ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് കോടതി പറഞ്ഞു. ഇത് അന്വേഷണസംഘത്തിന് എതിരേയുള്ള ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ്. ഗൂഢാലോചനയില്‍ പങ്കാളികളെന്ന് ഹരജിക്കാര്‍ ആരോപിക്കുന്നവര്‍ക്ക് സിപിഎമ്മിന്റെ ഉന്നതനേതാക്കളുമായി വളരെ അടുത്ത ബന്ധമാണുള്ളത്. പോലിസ് അന്വേഷണത്തിലെ ചില വശങ്ങള്‍ സംശയാസ്പദമാണ്. മാര്‍ച്ച് അഞ്ചിന് കെ ബൈജു എന്നയാളെ അറസ്റ്റ് ചെയ്തതിനുശേഷമാണ് ആയുധങ്ങള്‍ കണ്ടെത്തുന്നത്. ആയുധങ്ങള്‍ പിടിച്ചെടുത്ത രീതി കോടതിയുടെ കണ്ണില്‍പൊടിയിടാന്‍ വേണ്ടിയായിരുന്നുവെന്ന് സംശയിക്കാവുന്നതാണ്.
ശുഹൈബ് കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് അദ്ദേഹത്തിന്റെ വീടിനു മുമ്പില്‍ മുതിര്‍ന്ന സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം പ്രകോപനപരമായ രീതിയില്‍ പ്രകടനം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൊലയ്ക്കു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണം തള്ളിക്കളയാനാവില്ല. കാലാളുകളെ കൊണ്ട് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്നവരെ വെളിച്ചത്തുകൊണ്ടുവരേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കേസ് സിബിഐക്കു കൈമാറി കോടതി ഉത്തരവിട്ടത്. കേസ് ഡയറി അടക്കം എല്ലാ രേഖകളും സിബിഐ തിരുവനന്തപുരം യൂനിറ്റിന് സമര്‍പ്പിക്കണമെന്നും  ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top