സിബിഐ അന്വേഷണം: ഹരജി 22ന് പരിഗണിക്കും

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്ന ഹരജി വേനലവധിക്കുശേഷം ഈ മാസം 22ന് പരിഗണിക്കുമെന്ന് ഹൈക്കോടതി. ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി സംബന്ധിച്ച് വിശദീകരണം നല്‍കാമെന്ന് ഇന്നലെ കേസ് പരിഗണനയ്ക്കു വന്നയുടന്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു.
കേസില്‍ സിഐയും എസ്‌ഐയും അടക്കം അഞ്ചു പോലിസുകാരെ ഇതുവരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം നാലു പോലിസുകാരെ കൂടി  പ്രതി ചേര്‍ത്തിട്ടുണ്ട്. ഐജി  നേരിട്ടാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. രാഷ്ട്രീയപ്രേരിതമായാണ് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ഇടപെടല്‍ അപേക്ഷ നല്‍കിയിരിക്കുന്നതെന്നും ശ്രീജിത്തിന്റെ ഭാര്യ അഖില ഹരജിയുമായി കോടതിയിലെത്തിയിരിക്കുമ്പോള്‍ ഇങ്ങനെയൊരു അപേക്ഷ ആവശ്യമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം കേട്ടശേഷമാണ് ഹരജി പരിഗണിക്കുന്നത് കോടതി ഈ മാസം 22ലേക്ക് മാറ്റിയത്.
അതേസമയം, കേസിലെ പ്രതിയായ എസ്‌ഐ ജി എസ് ദീപക് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 18ലേക്ക് മാറ്റി. സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിയത്.

RELATED STORIES

Share it
Top