സിബിഐ അന്വേഷണം സിപിഎം ഭയക്കുന്നില്ല: കോടിയേരി

തിരുവനന്തപുരം: സിബിഐ എന്നത് ആര്‍എസ്എസ് നിയന്ത്രിക്കുന്ന അന്വേഷണ ഏജന്‍സിയാണെന്നും ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിബിഐ അന്വേഷണം കാണിച്ച് സിപിഎമ്മിനെ ഭയപ്പെടുത്തേണ്ട, സിബിഐയെ ആദ്യമായിട്ടല്ല കാണുന്നതെന്നും കോടിയേരി പറഞ്ഞു.
ഹൈക്കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശരിയായ അന്വേഷണമാണ് കേരള പോലിസ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും എന്തിനാണ് സിബിഐ അന്വേഷിക്കട്ടെയെന്ന നിലപാടിലേക്ക് ഹൈക്കോടതിയെത്തിയത് എന്നറിയില്ല. സിബിഐ അന്വേഷണം രാഷ്ട്രീയ വിഷയമാക്കി മാറ്റാനാണ് കോണ്‍ഗ്രസ്സും ബിജെപിയും ശ്രമിച്ചത്. അവരുടെ അവിശുദ്ധ കൂട്ടുകെട്ടിന്റെ വഴിത്തിരിവാണ് ഇപ്പോഴത്തെ സിബിഐ അന്വേഷണം.കേസുമായി ഒരു ബന്ധവുമില്ലാത്തവരെ പ്രതിയാക്കാന്‍ സിബിഐ ശ്രമിച്ചത് കേരളത്തിന് അനുഭവമുള്ള കാര്യമാണ്. ഇതേ അവസ്ഥ ഈ കേസിലുമുണ്ടായാല്‍ അതിനെ രാഷ്ട്രീയമായും, നിയമപരമായും നേരിടും.
രാജ്യത്താകമാനം കമ്യൂണിസ്റ്റ് വേട്ട നടത്തിക്കൊണ്ടിരിക്കുകയാണ് സംഘപരിവാര സംഘടനകള്‍. ഇതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സിബിഐ അന്വേഷണത്തെ ചിലര്‍ ഉപയോഗിക്കുന്നത്. യഥാര്‍ഥ പ്രതികളെ പിടികൂടാനാണ് അന്വേഷണമെങ്കില്‍ സഹകരിക്കും, മറിച്ചാണെങ്കില്‍ ചെറുക്കുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി. അതേസമയം,  ശുഹൈബ് വധക്കേസ് സിബിഐ അന്വേഷണത്തിന് വിട്ട ഹൈക്കോടതി നടപടി എല്‍ഡിഎഫ് സര്‍ക്കാരിനേറ്റ പ്രഹരമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന്റെ പോലിസ് നടത്തിയ അന്വേഷണത്തില്‍ പൂര്‍ണമായ അവിശ്വാസമാണ് കോടതി രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പോലിസിന്റെ അന്വേഷണം നിര്‍ത്തിയ ശേഷം എല്ലാം ആദ്യം മുതല്‍ ആരംഭിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ വിശ്വാസ്യതയും ഇതോടെ നഷ്ടപ്പെട്ടിരിക്കുകയാണ്. ആദ്യം മുതല്‍ തന്നെ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. കേസ് സിബിഐക്ക് വിട്ടുകൊണ്ട് കോടതി പ്രസക്തമായ കാര്യങ്ങളാണ് പറഞ്ഞത്. കേസന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടെന്ന കോടതി നിരീക്ഷണം ഇക്കാര്യത്തില്‍  യുഡിഎഫ് ഇതുവരെ പറഞ്ഞ കാര്യങ്ങളെ  ശരിവച്ചിരിക്കുകയാണ്. കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടിയാണ് ഇപ്പോഴത്തെ വിധിയെന്നും ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top