സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ബിജെപി നേതാക്കള്‍

ന്യൂഡല്‍ഹി/മുംബൈ: റഫേല്‍ കരാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ ബിജെപി മന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ക്കെതിരേ പരാതി ഉന്നയിച്ച മൂവരും സിബിഐ അന്വേഷണം ആവശ്യ—പ്പെട്ടു.
റഫേല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മൂന്നുപേരും നേരത്തേ രംഗത്തുവന്നിരുന്നു. നിയമവിരുദ്ധമായാണ് മോദി സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടതെന്ന് നേരത്തെയും നേതാക്കള്‍ ആരോപിച്ചിരുന്നു. കരാര്‍ മോദി ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്നായിരുന്നു യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും ആരോപിച്ചത്. സിഎജി അന്വേഷണത്തെ നേരിട്ട് സത്യസന്ധത തെളിയിക്കാന്‍ ഇരുവരും സര്‍ക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു.
അതേസമയം കരാറിനെക്കുറിച്ച് സിഎജി അന്വേഷണം വേണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ വ്യാഴാഴ്ച കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മെഹിറിഷിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ ഇത് രണ്ടാംതവണയാണ് കോണ്‍ഗ്രസ് സിഎജിയുമായി കൂടിക്കാഴ്ച നടത്തുന്നത്. കരാറുമായി ബന്ധപ്പെട്ട ചില രേഖകളും നിവേദനത്തോടൊപ്പം നേതാക്കള്‍ സിഎജിക്ക് നല്‍കി.
ഇടപാടില്‍ മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്‌തെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രധാന ആരോപണം. കരാറിന്റെ സ്വഭാവം, സ്വജനപക്ഷപാതം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സിഎജിയുടെ വിശകലന പരിധിയില്‍ പെടുന്ന കാര്യങ്ങളാണെന്ന് മുമ്പ് സിഎജിക്ക് നല്‍കിയ നിവേദനത്തില്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. അതേസമയം റഫേല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്നാരോപിച്ച് ബിജെപി എംഎല്‍എ ആശിഷ് ദേശ്മുഖ് മഹാരാഷ്ട്ര നിയമസഭയില്‍ നിന്നു രാജിവച്ചു. അദ്ദേഹം രാജിക്കത്ത് നിയമസഭാ സ്പീക്കര്‍ക്കു നല്‍കി. വിദര്‍ഭ മേഖലയിലെ കാട്ടോല്‍ നിയമസഭാ മണ്ഡലത്തെയായിരുന്നു അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. ദേശ്മുഖ് കോണ്‍ഗ്രസ്സില്‍ ചേരുമെന്നാണ് സൂചന.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം ദേശ്മുഖ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മെയ്ക് ഇന്‍ ഇന്ത്യ, മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിക്ഷേപക സംഗമം, വൈദഗ്ധ്യ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ ഫലം കണ്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.RELATED STORIES

Share it
Top