സിബിഐയെ കാണിച്ച് വിരട്ടാന്‍ നോക്കേണ്ട: പി ജയരാജന്‍

കണ്ണൂര്‍: എടയന്നൂര്‍ ശുഹൈബ് വധക്കേസില്‍ പാര്‍ട്ടിക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടാന്‍ ആരും നോക്കേണ്ടെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കേസന്വേഷണം സിബിഐയ്ക്കു വിട്ട വാര്‍ത്ത വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസ് സിബിഐ അന്വേഷിക്കട്ടെ. കൊലപാതകം നടന്ന പിറ്റേന്ന് തന്നെ ഞങ്ങള്‍ അതിനെ അപലപിച്ചിട്ടുണ്ട്. പോലിസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യട്ടെ എന്നായിരുന്നു ഞങ്ങളുടെ നിലപാട്. ആരാണ് പങ്കെടുത്തത്, അവര്‍ക്കെതിരേ നടപടി വേണം. കേരള പോലിസിന്റെ അന്വേഷണം ശരിയായ നിലയിലാണു നടന്നത്. ഇപ്പോള്‍ പ്രതികളെ പിടികൂടിയിട്ടുണ്ട്. ഞങ്ങളെ വിരട്ടാന്‍ ആരും നോക്കേണ്ടെന്നാണ്‌വലതുപക്ഷ മാധ്യമങ്ങളോടും വലതുപക്ഷ രാഷ്ട്രീയകക്ഷികളോടും പറയാനുള്ളത്. വലതുപക്ഷ മാധ്യമങ്ങളുടെ പിന്തുണ കൊണ്ടാണ് ത്രിപുരയില്‍ ഗര്‍ഭിണിയായ സ്ത്രീയെ ആര്‍എസ്എസ് കൊല്ലുന്ന അവസ്ഥയുണ്ടായത്. ആര്‍എസ്എസ് ദേശീയതലത്തില്‍ നടത്തുന്ന ചുവപ്പ് ഭീകരത എന്ന പ്രചാരണമാണ് കേരളത്തില്‍ കോണ്‍ഗ്രസ് ഏറ്റെടുത്തത്. രാജ്യത്തുടനീളം സിപിഎമ്മിനെ വേട്ടയാടുന്നു. ഇപ്പോള്‍ കേരളത്തിലും അതാണ് നടപ്പാക്കുന്നത്. ഇന്ത്യയില്‍ കമ്മ്യൂണിസത്തെ തകര്‍ക്കാനാണു ശ്രമം. കോണ്‍ഗ്രസും ആര്‍എസ്എസും അവിശുദ്ധ കൂട്ടുകെട്ടിലാണ്.
കോടതി വിധിയില്‍ പാര്‍ട്ടിക്കെതിരായി വിമര്‍ശനങ്ങളുണ്ടെങ്കില്‍ അത് പരിശോധിച്ച് നടപടിയെടുക്കും. കൊലപാതകത്തില്‍ പാര്‍ട്ടി അന്വേഷിക്കുന്നത് പാര്‍ട്ടിയുടെ ഭരണഘടനപ്രകാരമാണ്. അന്വേഷിക്കുമെന്നും ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ജനങ്ങളോടാണ് പറഞ്ഞത്. അത് പാലിക്കും. അന്വേഷിച്ച് സ്വീകരിച്ച നടപടി ജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു.

RELATED STORIES

Share it
Top