സിബിഐയില്‍ അട്ടിമറി

കെ എ സലിം

ന്യൂഡല്‍ഹി: അഴിമതി ആരോപണങ്ങളും ഉള്‍പ്പോരും തുടരുന്ന രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിയായ സിബിഐയില്‍ നാടകീയ സംഭവങ്ങള്‍. അഴിമതിക്കേസില്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറും മോദിയുടെ സ്വന്തക്കാരനുമായ രാകേഷ് അസ്താനയ്‌ക്കെതിരേ കേസെടുക്കുകയും അദ്ദേഹത്തിന്റെ സഹായിയും ഡെപ്യൂട്ടി എസ്പിയുമായ ദേവേന്ദര്‍ കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനു പിന്നാലെ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ മാറ്റി. പകരം ജോയിന്റ് ഡയറക്ടറായിരുന്ന മന്നം നാഗേശ്വര റാവുവിനെ താല്‍ക്കാലിക ഡയറക്ടറായി നിയമിച്ചു.
അലോക് വര്‍മയോടും അസ്താനയോടും അവധിയില്‍ പ്രവേശിക്കാനും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതു ചോദ്യം ചെയ്ത് അലോക് വര്‍മ സുപ്രിംകോടതിയെ സമീപിച്ചു. ചുമതലയേറ്റെടുത്ത നാഗേശ്വര റാവു കേന്ദ്രസര്‍ക്കാരിന് താല്‍പര്യമുള്ള കേസുകളിലെ അന്വേഷണ ചുമതലകള്‍ മാറ്റിനല്‍കി. അലോക് വര്‍മയെ മാറ്റിയത് റഫേല്‍ കേസിലെ അന്വേഷണസാധ്യത മുന്നില്‍ക്കണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ശുപാര്‍ശയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അലോക് വര്‍മയെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയിരിക്കുന്നത്. സിബിഐക്കുള്ളിലെ തമ്മിലടി അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യതയ്ക്കു കളങ്കമുണ്ടാക്കിയ സാഹചര്യത്തിലാണ് മേധാവിയെ മാറ്റിയതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. അസാധാരണമായ തമ്മിലടിയാണ് നടന്നിരിക്കുന്നത്. രണ്ട് ഉദ്യോഗസ്ഥരും പരസ്പരം കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നത് ശരിയല്ല. ആ സാഹചര്യത്തില്‍ രണ്ടുപേരെയും മാറ്റിനിര്‍ത്തുകയും പ്രത്യേക സംഘം അന്വേഷണം നടത്തുകയുമാണ് ചെയ്യുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഉദ്യോഗസ്ഥര്‍ നിരപരാധികളാണെങ്കില്‍ അവര്‍ തിരിച്ചുവരും. ഇതുസംബന്ധിച്ച പ്രതിപക്ഷ ആരോപണം അസംബന്ധമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്താണ് അലോക് വര്‍മ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് വെള്ളിയാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. മൂന്നു വര്‍ഷത്തെ കാലാവധിയിലേക്കാണ് സിബിഐ ഡയറക്ടറെ നിയമിക്കുന്നത്. നിയമനം നടത്തുന്നത് പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ്. തന്നെ സ്ഥലംമാറ്റാനും ഈ സമിതിയുടെ അനുമതി വേണമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. അസ്താനയെ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിച്ചതിനു പിന്നാലെ അതുവരെ അന്വേഷണം നടന്നുകൊണ്ടിരുന്ന കേസുകളില്‍ അസ്താന തടസ്സങ്ങളുണ്ടാക്കിയെന്ന് അലോക് വര്‍മ ഹരജിയില്‍ ആരോപിക്കുന്നു.
സിബിഐയുടെ സ്വയംഭരണാധികാരത്തില്‍ കൈകടത്തലാണ് ഉണ്ടായിരിക്കുന്നത്. പല നിര്‍ണായക കേസുകളിലും അസ്താന കൈകടത്തുകയും തെളിവുകള്‍ വളച്ചൊടിക്കുകയും ചെയ്തുവെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്. ഇരുവര്‍ക്കുമെതിരേ സ്വതന്ത്ര അന്വേഷണമാവും ഉണ്ടാവുകയെന്ന് പേഴ്‌സനല്‍ ആന്റ് ട്രെയിനിങ് ഡിപാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ സംഭവങ്ങളൊന്നും സിബിഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ ഓഫിസില്‍ പരിശോധന നടന്നുവെന്ന വാര്‍ത്തകള്‍ വസ്തുതാപരമല്ലെന്നും സിബിഐ വക്താവ് പറഞ്ഞു.
മാംസ കയറ്റുമതി വ്യവസായി മോയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ നിന്ന് ഒഴിവാക്കാന്‍ കേസിലെപ്രതിയായ വ്യവസായിയുമായ സന സതീഷില്‍ നിന്ന് മൂന്ന് കോടി കൈക്കൂലി വാങ്ങിയെന്നതാണ് അസ്താനയ്‌ക്കെതിരായ കേസ്. കേസിലെ ഒന്നാംപ്രതിയാണ് രാകേഷ് അസ്താന. കേസിലെ അന്വേഷണ രേഖകളില്‍ ദേവേന്ദര്‍ കൃത്രിമം കാട്ടിയെന്നാണ് സിബിഐ ആരോപിക്കുന്നത്. അതേസമയം, ഈ കേസ് അലോക് വര്‍മ അട്ടിമറിക്കുന്നുവെന്നും ഇതിനായി സന സതീഷില്‍ നിന്ന് രണ്ടു കോടി കൈക്കൂലി വാങ്ങിയെന്നും അസ്താനയും ആരോപിക്കുന്നു.

RELATED STORIES

Share it
Top