സിബിഎസ്ഇ: 9, 11 ക്ലാസുകളില്‍ 45 കുട്ടികളെ പ്രവേശിപ്പിക്കാം

ന്യൂഡല്‍ഹി: സിബിഎസ്ഇ സ്‌കൂളുകളിലെ 9, 11 ക്ലാസുകളില്‍ 40ല്‍ അധികം കുട്ടികളെ പ്രവേശിപ്പിക്കാന്‍ സിബിഎസ്ഇ അനുമതി നല്‍കും. ഒരു ക്ലാസില്‍ 45 കുട്ടികളെ വരെ ഇരുത്താനുള്ള അനുമതിയാണ് നല്‍കുക. നിലവിലുള്ള ചട്ടപ്രകാരം 40 കുട്ടികളെ ഇരുത്താനായിരുന്നു അനുമതിയുണ്ടായിരുന്നത്. ഇതിന്റെ പേരില്‍ 1700 സിബിഎസ്ഇ സ്‌കൂളുകള്‍ നടപടി നേരിടേണ്ടി വരുന്ന സാഹചര്യത്തിലാണ് 9, 11 ക്ലാസുകളിലേക്കു മാത്രമായി സിബിഎസ്ഇ ഇളവ് വരുത്തിയത്.
നിരവധി സ്‌കൂളുകള്‍ക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം. എന്നാല്‍, ഓണ്‍ലൈന്‍ അഫിലിയേറ്റഡ് സ്‌കൂള്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിച്ച സ്‌കൂളുകള്‍ പിഴയൊടുക്കേണ്ടി വരും. ഓരോ ക്ലാസിലെയും കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംവിധാനമാണിത്. ഇതു വഴി ഒരു ക്ലാസില്‍ എത്ര കുട്ടികളുണ്ടെന്നു സിബിഎസ്ഇ അധികൃതര്‍ക്ക് കണ്ടെത്താന്‍ കഴിയും.
കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്താന്‍ സ്‌കൂളുകള്‍ സിബിഎസ്ഇ മേഖലാ ഓഫിസുകളില്‍ അപേക്ഷ നല്‍കി അനുമതി നേടണം. എന്തുകൊണ്ട് കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ തെളിവു സഹിതം വിശദീകരണം നല്‍കുകയും വേണം. ഇത്തരത്തില്‍ അംഗീകാരം നേടിയ സ്‌കൂളുകള്‍ക്ക് മാത്രം ഓണ്‍ലൈന്‍ അഫിലിയേറ്റഡ് സ്‌കൂള്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനത്തില്‍ കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നതിനുള്ള ഓപ്ഷന്‍ ലഭ്യമാക്കും. ഇതിനായുള്ള അപേക്ഷ ഈ മാസം 22 വരെയും പിഴയോടു കൂടി നവംബര്‍ 28 വരെയും സമര്‍പ്പിക്കാം. കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ സ്ഥലവും മറ്റു സൗകര്യങ്ങളുമുണ്ടെങ്കില്‍ പുതിയൊരു ഡിവിഷന്‍ തന്നെ ആരംഭിക്കാം. ഇതിനായും മേഖലാ ഓഫിസുകളില്‍ അപേക്ഷിക്കാവുന്നതാണെന്നും സിബിഎസ്ഇ അധികൃതര്‍ വ്യക്തമാക്കി.
നേരത്തേ 40ല്‍ കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയ 1700 സിബിഎസ്ഇ സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കാനും അധികമായി ക്ലാസിലിരുത്തിയ ഓരോ വിദ്യാര്‍ഥിക്കും 500 രൂപ വീതം സ്‌കൂളുകളില്‍ നിന്നു പിഴയീടാക്കാനും സിബിഎസ്ഇ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. പുതിയ സാഹചര്യത്തില്‍ ഈ സ്‌കൂളുകള്‍ക്ക് ഇളവ് ലഭിച്ചേക്കും. അതോടൊപ്പം സ്‌കൂളുകളിലെ വാടക സീറ്റ് സംവിധാനം ഇല്ലാതാക്കുന്ന കാര്യത്തില്‍ ശക്തമായ നിലപാടാണ് സിബിഎസ്ഇക്കുള്ളത്. ക്ലാസില്‍ വരാത്ത കുട്ടിക്ക് ഹാജര്‍ നല്‍കി പുറത്ത് കോച്ചിങ്ങിനു പോവാന്‍ അനുവദിക്കുകയും ചെയ്യുന്ന രീതിയാണിത്.
ക്രമക്കേട് കണ്ടെത്താന്‍ 2016ലാണ് ഓണ്‍ലൈന്‍ അഫിലിയേറ്റഡ് സ്‌കൂള്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം സിബിഎസ്ഇ നടപ്പാക്കിയത്. പരിശോധനയില്‍ ക്ലാസിലെ കുട്ടികളുടെ എണ്ണവും ഓണ്‍ലൈന്‍ രജിസ്റ്ററിലെ എണ്ണവും തമ്മില്‍ പൊരുത്തക്കേടുള്ളതും കണ്ടെത്തി.

RELATED STORIES

Share it
Top