സിബിഎസ്ഇ പരീക്ഷ: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇനി കംപ്യൂട്ടര്‍ ഉപയോഗിക്കാം

ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ എഴുതുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഈ വര്‍ഷം മുതല്‍ കംപ്യൂട്ടറോ, ലാപ്‌ടോപോ ഉപയോഗിക്കാമെന്ന നിര്‍ദേശം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ (സിബിഎസ്ഇ) അംഗീകരിച്ചു.എന്നാല്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടറുടേയോ മാനസിക വിദഗ്ധന്റെയോ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ ഹാജരാക്കണം. അടുത്തിടെ ചേര്‍ന്ന സിബിഎസ്ഇ പരീക്ഷ കമ്മറ്റി യോഗമാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. ഉത്തരങ്ങള്‍ ടൈപ്പ് ചെയ്യാനും ചോദ്യങ്ങള്‍ വലിപ്പമുള്ള അക്ഷരത്തില്‍ കാണാനും ചോദ്യങ്ങള്‍ ശ്രവിക്കാനും കംപ്യൂട്ടര്‍ ഉപയോഗിക്കാം. എന്നാല്‍ കംപ്യൂട്ടര്‍ അധ്യാപകരുടെ പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമേ വിദ്യാര്‍ഥിക്ക് തങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കാനാവൂ എന്നു ഉത്തരവില്‍ പറയുന്നു. കംപ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം അനുവദിക്കില്ല. ക്രമീകരണത്തിനായി ആവശ്യമുള്ള രേഖകള്‍ സഹിതം വിദ്യാര്‍ഥി സ്‌കൂളില്‍ അപേക്ഷ നല്‍കണം. വിദ്യാര്‍ഥി ടൈപ്പ് ചെയ്ത ഉത്തരങ്ങളുടെ പ്രിന്റ് ഔട്ടില്‍ പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുന്നയാള്‍ ഒപ്പ് വയ്ക്കും.

RELATED STORIES

Share it
Top