സിബിഎസ്ഇ പത്താംക്ലാസ് കണക്കുപരീക്ഷയ്ക്ക് ഇനി രണ്ടുപേപ്പര്‍

ന്യൂഡല്‍ഹി: 2019മുതല്‍ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ കണക്കിന് ഇനി രണ്ടു പേപ്പറുകള്‍. ഉയര്‍ന്ന നിലവാരത്തിലുള്ള ചോദ്യപേപ്പറും നിലവിലെ രീതിയില്‍ തന്നെ തയ്യാറാക്കിയ രണ്ടാമത്തെ പേപ്പറുമാകും ഉണ്ടാകുക. വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ ഏത് വേണമെന്ന് നേരത്തേ തന്നെ തിരഞ്ഞെടുക്കാം.
കണക്കു പരീക്ഷയ്ക്ക് സിബിഎസ്ഇ രണ്ടുതരം പരീക്ഷകള്‍ നടത്താന്‍ ആലോചിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരീക്ഷയ്ക്കുള്ള പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തില്ല. എന്നാല്‍ പരീക്ഷകള്‍ വിദ്യാര്‍ത്ഥികളുടെ ഗ്രാഹ്യത്തിനനുസരിച്ചാകും നടത്തുക. ഉന്നതവിദ്യഭ്യാസത്തിന് കണക്ക് വിഷയമായി എടുക്കാത്തവര്‍ക്ക് ലഘുവായ രീതിയിലുള്ള പരീക്ഷയാണ് നടത്തുക. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന പത്താംക്ലാസ് പരീക്ഷയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി പരീക്ഷിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. പരീക്ഷണം വിജയമായാല്‍ പ്ലസ്ടു പരീക്ഷയിലും ഇതേ രീതി ആവിഷ്‌കരിക്കാനാണ് ബോര്‍ഡിന്റെ ആലോചന. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 15അംഗ കമ്മിറ്റിക്ക് ബോര്‍ഡ് രൂപം നല്‍കിയിട്ടുണ്ട്. കണക്കിലെ വിദഗ്ദര്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, എന്‍സിആര്‍ടി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നവരാണ് കമ്മിറ്റിയിലുള്ളത്.

RELATED STORIES

Share it
Top