സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചതിയ്യതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയ സിബിഎസ്ഇ പരീക്ഷകളുടെ പുതിയ തിയ്യതി പ്രഖ്യാപിച്ചു. 12ാം ക്ലാസിലെ സാമ്പത്തികശാസ്ത്ര പരീക്ഷ അടുത്തമാസം 25ന് ഇന്ത്യ ഒട്ടാകെ നടക്കും. പത്താം ക്ലാസിലെ ഗണിത പരീക്ഷ ആവശ്യമെങ്കില്‍ ജൂലൈയിലും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു.
പത്താം ക്ലാസിലെ ഗണിത പരീക്ഷ ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളില്‍ മാത്രമേ നടത്തൂ. ഇവിടെ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഗണിത പരീക്ഷ വീണ്ടും നടത്തണോ എന്ന കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യക്കു പുറത്ത് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല. അതിനാല്‍, ഇന്ത്യക്ക് പുറത്തുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ പുനപ്പരീക്ഷ നടത്തില്ലെന്നും സ്വരൂപ് വ്യക്തമാക്കി.
അതേസമയം, ചുരുങ്ങിയത് 1,000 വിദ്യാര്‍ഥികള്‍ക്ക് പത്ത്, 12 ക്ലാസുകളിലെ ചോദ്യപേപ്പര്‍ ചോര്‍ന്നുകിട്ടിയിട്ടുണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലിസ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഡല്‍ഹിയില്‍ മാത്രമേ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുള്ളൂവെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇന്നലെ വരെ വിദ്യാര്‍ഥികളും ട്യൂട്ടര്‍മാരും അടക്കം 60 പേരെ ഡല്‍ഹിയില്‍ ചോദ്യം ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ജാര്‍ഖണ്ഡിലും വിദ്യാര്‍ഥികളടക്കം നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചില അജ്ഞാതരുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ വഞ്ചന കാട്ടിയെന്ന് ആരോപിച്ച് ജവഹര്‍ നവോദയ വിദ്യാലയത്തിലെ പ്രിന്‍സിപ്പലിന്റെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കുന്നതിനായി ജാര്‍ഖണ്ഡ് പോലിസ് പ്രത്യേക സംഘത്തെ (എസ്‌ഐടി) നിയോഗിച്ചു. പ്രായപൂര്‍ത്തിയാവാത്തവരടക്കം നിരവധി പേരെ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെന്ന് ഛത്ര ജില്ലാ പോലിസ് സൂപ്രണ്ട് അഖിലേഷ് ബി വാര്യര്‍ പറഞ്ഞു.
എന്നാല്‍, ഡല്‍ഹിയിലെ സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ഇതിനു ബന്ധമുണ്ടെന്നതിന് തെളിവു ലഭിച്ചിട്ടില്ല. ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാകാം ഇതിനു പിന്നിലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരമെഴുതാനായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES

Share it
Top