സിബിഎസ്ഇ അംഗീകാരം: നടപടികള്‍ ലളിതമാക്കി

ന്യൂഡല്‍ഹി: സിബിഎസ്ഇ സ്‌കൂളുകളുടെ അംഗീകാരത്തിനുള്ള നിബന്ധനകള്‍ സര്‍ക്കാര്‍ ലളിതമാക്കി. അതോടൊപ്പം ചട്ടങ്ങളിലും പരിഷ്‌കരണം കൊണ്ടുവന്നിട്ടുണ്ട്. അപേക്ഷകളെല്ലാം ഇനിമുതല്‍ ഓണ്‍ലൈന്‍ മുഖേനയാവും. നേരത്തേ അംഗീകാരത്തിന് 14 രേഖകള്‍ വേണ്ടിയിരുന്നുവെങ്കില്‍ ഇപ്പോഴത് രണ്ടെണ്ണമാക്കി ചുരുക്കിയതായും കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ അറിയിച്ചു.
ഇനിമുതല്‍ സ്‌കൂളിന്റെ അംഗീകാരത്തിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള എന്‍ഒസിക്കു പുറമെ സ്‌കൂള്‍ മാനേജ്‌മെന്റ് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം മാത്രം മതിയാവും. അംഗീകാര നടപടികള്‍ ലളിതമാക്കിയതോടെ കെട്ടിക്കിടക്കുകയായിരുന്ന 8,000 അപേക്ഷകള്‍ സിബിഎസ്ഇ ഉടന്‍ സ്വീകരിക്കും. ഇതോടെ, അടുത്ത അധ്യയന വര്‍ഷത്തോടെ അധികമായി 8,000 സ്‌കൂളുകള്‍ കൂടി പുതുതായി വരും.
കടലാസ്‌രഹിത അപേക്ഷാ നടപടിയായിരിക്കും ഇനിമുതല്‍ സ്വീകരിക്കുക. അപേക്ഷ ലഭിച്ചയുടന്‍ അംഗീകാരത്തിനുള്ള നടപടികള്‍ തുടങ്ങും. അതേ പാഠ്യവര്‍ഷത്തിനുള്ളില്‍ തന്നെ അതു പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ എന്‍ഒസി നല്‍കുന്നതോടെ സിബിഎസ്ഇ പ്രത്യേകമായി പരിശോധന നടത്തില്ല. സ്‌കൂള്‍ കെട്ടിടത്തിന്റെ സുരക്ഷ, ഭൂമിയുടെ ഉടമസ്ഥാവകാശം, വിദ്യാര്‍ഥികള്‍ക്കുള്ള പ്രാഥമിക സൗകര്യങ്ങള്‍ തുടങ്ങിയവ പരിശോധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫിസറാണ് എന്‍ഒസി നല്‍കുക.
സ്‌കൂളുകളുടെ ഭൗതിക, അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ നിലവാരവും പരിശോധിക്കും. കായിക പരിശീലനവും മല്‍സരങ്ങളും പഠനത്തോടൊപ്പം നിര്‍ബന്ധമാണ്. വിദ്യാര്‍ഥികള്‍ യൂനിഫോമും പഠനോപകരണങ്ങളും മറ്റും എവിടെ നിന്നു വാങ്ങണമെന്നു സ്‌കൂളുകള്‍ക്കു തീരുമാനിക്കാനോ രക്ഷിതാക്കളോട് ആവശ്യപ്പെടാനോ പാടില്ല. ഫീസ് ഘടന പൂര്‍ണമായും പരസ്യപ്പെടുത്തണമെന്നുമുള്ള മാറ്റവും കൊണ്ടുവന്നിട്ടുണ്ട്. ഓരോ സ്‌കൂളും രക്ഷിതാക്കള്‍ക്കു കാണാവുന്ന വിധത്തില്‍ ഫീസ്ഘടന പ്രദര്‍ശിപ്പിച്ചിരിക്കണം. നിശ്ചിത ഫീസ് തുകയില്‍ കൂടുതല്‍ പണപ്പിരിവ് പാടില്ല. ഇത്തരത്തില്‍ ഈടാക്കിയെന്നു രക്ഷിതാക്കള്‍ പരാതിപ്പെട്ടാല്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top