സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം

മലപ്പുറം: നാലു നാള്‍ നീണ്ടു നില്‍ക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനായി മലപ്പുറം ചുകപ്പണിഞ്ഞു. കഴിഞ്ഞ 25ന് സമ്മേളനത്തിന്റെ വിവിധ പരിപാടികള്‍ തുടങ്ങിയിരുന്നെങ്കിലും ഇന്നലെയാണ് പ്രതിനിധി സമ്മേളനത്തോടെ ഔദ്യോഗികമായി തുടക്കമായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറുനൂറോളം പ്രതിനിധികളാണ് സമ്മേളത്തില്‍ പങ്കെടുക്കുന്നത്. ഇതാദ്യമായാണു മലപ്പുറം സിപിഐയുടെ സംസ്ഥാന സമ്മേളനത്തിനു വേദിയാകുന്നത്.
റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. പ്രഫ. സി ശ്രീധരന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് എത്തിച്ചേര്‍ന്ന ദീപശിഖ സ്വാഗത സംഘം ചെയര്‍മാന്‍ കെ പി രാജേന്ദ്രന്‍ ഏറ്റു വാങ്ങി ദീപശിഖ തെളിച്ചു. മുതിര്‍ന്ന അംഗം സി എ കുര്യന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍റെഡി  പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
വൈകീട്ട് അഞ്ചിന്  മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സാംസ്‌കാരിക സമ്മേളനം സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  കെ പി രാമനുണ്ണി, എം എന്‍ കാരശ്ശേരി, കുരീപ്പുഴ ശ്രീകുമാര്‍, റഫീഖ് അഹമ്മദ്, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, വിനയന്‍, ഇ എ രാജേന്ദ്രന്‍, ഭാഗ്യലക്ഷ്മി, ചേര്‍ത്തല ജയന്‍ സംസാരിച്ചു. തുടര്‍ന്ന് കെപിഎസിയുടെ  ഈഡിപ്പസ് എന്ന നാടകം അരങ്ങേറി. നാളെ രാവിലെ പത്തിന് പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് മൂന്ന് മണിക്ക് ഇടതുപക്ഷം- പ്രതീക്ഷയും സാധ്യതകളും എന്ന സെമിനാര്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം  ചെയ്യും. കാനം രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും.  എം പി വീരേന്ദ്രകുമാര്‍, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, തുറമുഖം- പുരാവസ്തു മന്ത്രി  കടന്നപ്പള്ളി രാമചന്ദ്രന്‍, കൃഷ്ണന്‍കുട്ടി എംഎല്‍എ പങ്കെടുക്കും. വൈകീട്ട് 5.30 ന് മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹളില്‍ ന്യൂനപക്ഷം -പ്രശ്‌നങ്ങളും  നിലപാടുകളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ തദ്ദേശ സ്വയം ഭരണ  മന്ത്രി  കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. രാംപുനിയാനി മുഖ്യപ്രഭാഷണം നടത്തും.
മൂന്നാം തിയ്യതി രാവിലെ പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് ആറിന് സമരജ്വാല സംഗമം  മേധാപട്കര്‍ ഉദ്ഘാടം ചെയ്യും. അഭയ് സാഹു, കനയ്യ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. നാലിന്് രാവിലെ പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് 3.30 ന് എംഎസ്പി  പരേഡ് ഗ്രൗണ്ട് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റെഡ് വോളന്റിയര്‍ മാര്‍ച്ചിലും ബഹുജന റാലിയിലും ആയിരങ്ങള്‍ അണി നിരക്കും.
കിഴക്കേതലയിലെ വിശാലമായ വയലിലാണു പൊതു സമ്മേളനം നടക്കുക. വൈകുന്നേരം അഞ്ചിന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകരറെഡി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഡി രാജ എംപി, പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മാഈല്‍,ബിനോയ് വിശ്വം, ആനിരാജ  സംസാരിക്കും.

RELATED STORIES

Share it
Top