സിപിഐ ബാധ ഒഴിപ്പിക്കാന്‍സി  ആര്‍  നീലകണ്ഠന്‍

മൂന്നാര്‍ ഭൂമിപ്രശ്‌നം ഇത്രയേറെ സങ്കീര്‍ണമാണെന്നും അത് എളുപ്പം പരിഹരിക്കാന്‍ കഴിയില്ലെന്നും മാറിമാറിവരുന്ന ഭരണകര്‍ത്താക്കളും രാഷ്ട്രീയനേതാക്കളും നമ്മെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭരണത്തിലിരിക്കുന്നവരാണ് എല്ലാകാലത്തും ഇത് പറയുക. എന്നാല്‍, പ്രതിപക്ഷക്കാര്‍ ഭരണക്കാര്‍ക്കെതിരേ ഇതിനെ ആയുധമാക്കുന്നു. ഭരണപ്രതിപക്ഷങ്ങള്‍ മാറിമാറി വരുന്ന കേരളത്തില്‍ ഇത് കൃത്യമായും നാടകം പോലെ ജനങ്ങള്‍ക്കു തോന്നുന്നതില്‍ തെറ്റില്ല. കാരണം, സിനിമയിലെ ഉഗ്രന്‍ ഡയലോഗുകള്‍ക്കപ്പുറം ഒന്നും നടക്കില്ലെന്ന് അവര്‍ക്കറിയാം. അനുനിമിഷമെന്നോണം മൂന്നാറില്‍ കൈയേറ്റങ്ങളും നിയമലംഘനങ്ങളും തുടരുന്നതായും അവര്‍ കാണുന്നു. മൂന്നാര്‍ എന്ന ടൂറിസ്റ്റ് പറുദീസയുടെ വിസ്തീര്‍ണം വര്‍ധിച്ച് ഇപ്പോള്‍ ദേവികുളം താലൂക്കും കടന്ന് ഉടുമ്പന്‍ചോലയിലും എത്തിനില്‍ക്കുന്നു.ഈയിടെ നടന്ന സര്‍വകക്ഷിയോഗത്തില്‍ നിന്നു തുടങ്ങാം. പശ്ചിമഘട്ടത്തിന്റെ പ്രശ്‌നങ്ങള്‍ ആര് ഉയര്‍ത്തിയാലും കേരള സര്‍ക്കാരിന്റെ തലവന്‍ പറയുന്ന മറുപടി ഒന്നുതന്നെയാവുമെന്ന് നമുക്കുള്ള വിശ്വാസം ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതായിരുന്നു യോഗാനന്തരം മുഖ്യമന്ത്രി പറഞ്ഞതും. മൂന്നാറിലെ പാരിസ്ഥിതിക സന്തുലനം തകര്‍ക്കാന്‍ അനുവദിക്കില്ല. നിയമവിരുദ്ധമായ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കും. വന്‍കിട കൈയേറ്റങ്ങളാണ് ആദ്യം ഒഴിപ്പിക്കുക. ഇനി ഒരാള്‍ക്കും കൈയേറാന്‍ തോന്നാത്ത വിധത്തിലായിരിക്കും ഒഴിപ്പിക്കല്‍. ഭാവി മൂന്നാര്‍ പഴയകാലത്തെപ്പോലെ പ്രകൃതിരമണീയമാക്കും. അത് രൂപപ്പെടുത്താന്‍ പരിസ്ഥിതി പ്രവര്‍ത്തകരായി എത്തിയവരുടെ വിലപ്പെട്ട നിര്‍ദേശങ്ങളും മുഖ്യമന്ത്രി ശ്രദ്ധയോടെ ശ്രവിച്ചു. ഇതൊരു പുതിയ തുടക്കമാവുമെന്ന് പലരും പ്രത്യാശിക്കുന്നു. അത്രയും നന്ന്.പക്ഷേ, ഈ കാര്യങ്ങള്‍ ആദ്യമായി പറയുന്ന മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍ എന്നുകൂടി ഓര്‍മ വരുമ്പോഴാണ് ഈ തിരക്കഥയുടെ അടുത്ത രംഗങ്ങള്‍ എന്താവുമെന്ന ആകാംക്ഷ കുറയുന്നത്. 2007ല്‍ അന്നത്തെ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്ന നവീന മൂന്നാര്‍ എന്ന ആശയത്തിന് എന്തു സംഭവിച്ചുവെന്ന് നമുക്കറിയാം. പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഭാഷയൊന്നു മാറ്റി എന്നേയുള്ളൂ. നിയമത്തിന്റെ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കൈയേറ്റം ഒഴിപ്പിക്കുമെന്ന് പറഞ്ഞു. പക്ഷേ, മൂന്നാറിലും സമീപപ്രദേശങ്ങളിലും നിരവധി കെട്ടിടങ്ങള്‍ ഉയര്‍ന്നത് അവരുടെ ഭരണകാലത്താണ്. മൂന്നാറിലെയും ഹൈറേഞ്ചിലെ മറ്റു കൈയേറ്റങ്ങളെയും കുടിയേറ്റങ്ങളെയും ഒരേ രീതിയില്‍ കാണുന്നത് തന്നെ തീര്‍ത്തും ദുരുദ്ദേശ്യത്തോടെയാണ്. അതോടെ മൂന്നാറിനെ രക്ഷപ്പെടുത്താനുള്ള എല്ലാ പഴുതുകളും അടയ്ക്കുകയാണ്. 1977 ജനുവരി ഒന്നിനു മുമ്പ് കുടിയേറിയവര്‍ക്കു പട്ടയം നല്‍കുമെന്ന തീരുമാനം മൂന്നാറിന് ബാധകമായ കാര്യമല്ല എന്നതാണ് ആദ്യത്തെ സത്യം. കൈയേറ്റവും കുടിയേറ്റവും രണ്ടായിക്കാണണം എന്ന സ്ഥിരം പല്ലവിയും മൂന്നാറിന് ബാധകമല്ല. എല്ലാ ചര്‍ച്ചകളിലും ഇത് ആവര്‍ത്തിക്കുന്നതിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ- മൂന്നാറിലെ കൈയേറ്റക്കാരില്‍ ചിലരെങ്കിലും കുടിയേറ്റക്കാരെന്നു തോന്നിപ്പിക്കാനും അതുവഴി അവിടെനിന്ന് ആരെയും ഒഴിപ്പിക്കുന്നത് തടയാനും ഇതുവഴി കഴിയും എന്നതാണത്. നിയമം നടപ്പാക്കാന്‍ എന്തിനാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുന്നത് എന്ന ചോദ്യത്തില്‍നിന്നു തുടങ്ങണം. കൈയേറ്റം ഒഴിപ്പിക്കുക അഥവാ സര്‍ക്കാരിന്റെ വിലപ്പെട്ട സമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കുക എന്നത് ഏതു സര്‍ക്കാരിന്റെയും പ്രാഥമികമായ ബാധ്യതയല്ലേ? അത് ചെയ്യുമെന്ന് മുഖ്യമന്ത്രി ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നതെന്തിനാണ്? അത് ചെയ്യേണ്ടത് എങ്ങനെയെന്നു സര്‍ക്കാരിന് അറിയില്ലെന്നാണോ? അങ്ങനെ വന്നാല്‍ നാളെ എല്ലാ ക്രിമിനല്‍ കേസുകളും ഉണ്ടാവുമ്പോള്‍ സര്‍വകക്ഷിയോഗം വിളിച്ച് അനുമതി തേടിയാണോ സര്‍ക്കാര്‍ മുന്നോട്ടുപോവുക? സര്‍വകക്ഷിയോഗത്തില്‍ നിയമം നടപ്പാക്കരുതെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് സര്‍ക്കാരിനു സമ്മതിക്കാന്‍ കഴിയുമോ? ഇക്കാലമത്രയും മാറിമാറി ഭരിച്ചും പ്രതിപക്ഷത്തിരുന്നും പോന്നിട്ടുള്ള, അക്കാലത്തൊക്കെ കൈയേറ്റത്തെ പിന്തുണച്ചിട്ടുള്ള സര്‍വകക്ഷികള്‍ക്ക് ഇപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ എങ്ങനെ കഴിയും?മൂന്നാറിലെ ഭൂമി എങ്ങനെ വിനിയോഗിക്കപ്പെടണമെന്ന അഭിപ്രായം പറയാനാണ് പരിസ്ഥിതി പ്രവര്‍ത്തകരെ വിളിച്ചിട്ടുള്ളത്. പരിസ്ഥിതി പ്രവര്‍ത്തകരായി ക്ഷണിച്ചവരെ സര്‍ക്കാര്‍ ഏതു മാനദണ്ഡത്തിലാണ് ചര്‍ച്ചയിലേക്കു ക്ഷണിച്ചത്? സര്‍ക്കാര്‍ ക്ഷണിച്ച ആളുകളെയാണ് പരിസ്ഥിതി പ്രവര്‍ത്തകരായി അധികാരികള്‍ അംഗീകരിക്കുന്നതെങ്കില്‍, പരിസ്ഥിതി സംരക്ഷണത്തിനായി സമരം നടത്തുന്ന സംഘടനകളുടെ പ്രതിനിധികളെ ഏതു പട്ടികയിലാവും സര്‍ക്കാര്‍ നോക്കിക്കാണുന്നത്? പക്ഷേ, ആ ഭൂമിക്ക് അവിടെ കൂടിയിരുന്നവരേക്കാള്‍ കൂടുതല്‍ അവകാശമുള്ള ചിലരുണ്ടെന്ന വസ്തുത സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ? 1977നു മുമ്പ് കുടിയേറിയവര്‍ക്ക് ഭൂമിയില്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു. ഒരു നൂറ്റാണ്ടിലേറെയായി, നാലു തലമുറയായി ആ തോട്ടങ്ങളില്‍ പണിയെടുത്ത് മൂന്നാറിനെയും അവിടത്തെ സമ്പദ്ഘടനയുടെ നട്ടെല്ലായ ചായത്തോട്ടങ്ങളെയും അവയ്ക്കുടമകളായ ബഹുരാഷ്ട്ര ദേശീയ കമ്പനികളെയും വളര്‍ത്താന്‍ ജീവിതം ഹോമിച്ച തോട്ടം തൊഴിലാളികള്‍ക്ക് ആ ഭൂമിയില്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ? തൊഴില്‍ ചെയ്യാന്‍ ശേഷിയില്ലാതായാല്‍ അഥവാ, തൊഴില്‍ ഇല്ലാതായാല്‍ അന്നു മുതല്‍ തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്ന ഇക്കൂട്ടരല്ലേ മൂന്നാറിലെ ഭൂമിയുടെ ആദ്യ അവകാശികള്‍? അന്നു തന്നെ മറ്റു കൈയേറ്റക്കാരെപ്പോലെ ഇവരും അഞ്ചോ പത്തോ ഏക്കര്‍ കൈയേറിയിരുന്നുവെങ്കില്‍ 1977 എന്ന ആനുകൂല്യം ഇവര്‍ക്കും കിട്ടുമായിരുന്നല്ലോ. അപ്പോള്‍ കൈയേറിയില്ല എന്നതാണോ ഇവരുടെ കുറവ്? തോട്ടം തൊഴിലാളികളെ വഞ്ചിക്കാനായി അഞ്ചു സെന്റ് ഭൂമിക്കു പട്ടയം നല്‍കി അവരെ കളിപ്പിക്കുകയാണ് സര്‍ക്കാര്‍. അവരുടെ ഭൂമി എവിടെയാണെന്നുപോലും ആര്‍ക്കും അറിയില്ല. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ ആത്മാര്‍ഥതയോടെ ശ്രമിക്കുന്ന ശ്രീരാം വെങ്കിട്ടരാമന്‍ എന്ന ഉദ്യോഗസ്ഥന് പിന്തുണ അറിയിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും പൊമ്പിളൈ ഒരുമൈയുടെ പ്രതിനിധികളും ചെന്നപ്പോള്‍ തൊഴിലാളികള്‍ അദ്ദേഹത്തോട് ചോദിച്ച ചോദ്യമാണിത്. ഇക്കാര്യം അറിയാന്‍ ഇനിയും ഒന്നോ രണ്ടോ വര്‍ഷം എടുത്തേക്കുമെന്നാണ് അധികൃതര്‍ സ്വകാര്യമായി സമ്മതിക്കുന്നത്. തോട്ടം തൊഴിലാളികള്‍ ആവശ്യപ്പെടുന്നത് സൗജന്യമല്ല. മറിച്ച്, ടാറ്റ അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമിയില്‍നിന്ന് ഒരേക്കര്‍ കൃഷിഭൂമി വീതം ഓരോ കുടുംബത്തിനും നല്‍കണമെന്നാണ്. ഈ ചോദ്യം ഉന്നയിച്ചുവെന്നതു തന്നെയാണ് പൊമ്പിളൈ ഒരുമൈക്കെതിരേ ചാടിവീഴാന്‍ മണിയെ പ്രേരിപ്പിച്ചത് എന്നു വ്യക്തം. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുമെന്നു തോന്നിയ ശ്രീരാം വെങ്കിട്ടരാമന് പിന്തുണ നല്‍കാന്‍ പോയതും മണിക്ക് കോപം ജനിപ്പിച്ചുവെന്നത് സ്വാഭാവികം. സ്വന്തം നേതാവായിരുന്ന വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍, മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ വന്നാല്‍ കൈയും കാലും വെട്ടും എന്നുവരെ നാടന്‍ഭാഷ പറയാന്‍ ധൈര്യം കാട്ടിയിട്ടുള്ള നേതാവാണല്ലോ മണി. ഇടുക്കി ജില്ലയാകെ വിഎസ് ഗ്രൂപ്പിന് കീഴില്‍ അണിനിരത്തുന്നതിനു നേതൃത്വം കൊടുത്തിരുന്ന മണി ഒറ്റരാത്രികൊണ്ട് ജില്ലാ കമ്മിറ്റിയെ ആകെ പിണറായിപക്ഷത്തേക്ക് എത്തിച്ചതും കൈയേറ്റ വിഷയമാണല്ലോ. അതും സ്വന്തം സഹോദരന്‍ ലംബോദരന്റെ കൈയേറ്റം ഒഴിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍. അറിഞ്ഞോ അറിയാതെയോ അതില്‍ സിപിഐ എന്ന പാര്‍ട്ടി മുന്നില്‍ വന്നുപെട്ടതിനാല്‍ അന്നു മണി രക്ഷപ്പെട്ടു. ഇപ്പോള്‍ ശ്രീരാം എന്ന ഉദ്യോഗസ്ഥനെതിരേ അതിഹീനമായ ഭാഷയില്‍ ആഞ്ഞടിച്ചതും അതേ കാരണങ്ങള്‍കൊണ്ട് തന്നെയാണ്. റവന്യൂ മന്ത്രി മുതല്‍ താഴോട്ടുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും അനുമതിയോടെ കൃത്യമായി കൈയേറ്റപ്പട്ടിക തയ്യാറാക്കി ഒഴിപ്പിക്കാന്‍ തുനിയുമ്പോള്‍ ആ സബ് കലക്ടര്‍ക്കെതിരേ മാത്രമായി ഇത്ര മോശപ്പെട്ട തരത്തില്‍ അധിക്ഷേപം ചൊരിഞ്ഞതിനെ പോലും ന്യായീകരിക്കാന്‍ ഒരുകൂട്ടം ഉണ്ടായി എന്നതാണ് സിപിഎമ്മിന്റെ ശക്തി. ആ ഉദ്യോഗസ്ഥനെ ഊളമ്പാറയ്ക്ക് അയക്കണമെന്നു മണി പറയുമ്പോള്‍ അയാള്‍ക്ക് അതിനു താന്‍ അനുമതി കൊടുത്തുവെന്ന് പറയുന്ന മന്ത്രിയെ ഏത് ആശുപത്രിയിലേക്ക് അയക്കണം എന്നു കൂടി പറയേണ്ടതല്ലേ?           (കടപ്പാട്: ജനശക്തി, 2017 മെയ് 16.)

RELATED STORIES

Share it
Top