സിപിഐ പ്രവര്‍ത്തകന്റെ വീട്ടിലേക്ക്് വാട്ടര്‍ കണക്ഷന്‍ നല്‍കാനുള്ള ശ്രമം തടഞ്ഞു

ചാവക്കാട്: സി എന്‍ ജയദേവന്‍ എംപിയുടെ ഫണ്ടില്‍ നിന്നും ലഭിച്ച തുക ഉപയോഗിച്ച് സിപിഐ പ്രവര്‍ത്തകന്റെ വീട്ടിലേക്ക്് വാട്ടര്‍ കണക്ഷന്‍ നല്‍കാനുള്ള ശ്രമം വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ജല അതോറിറ്റി ഉദ്യോഗസ്ഥരുമായി വാക്കേറ്റം.
ചാവക്കാട് നഗരസഭ അഞ്ചാം വാര്‍ഡ് പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്താണ് സംഭവം. ആറു ലക്ഷം രൂപയാണ് എംപിയുടെ ഫണ്ടില്‍ നിന്നും ശുദ്ധജല വിതരണ പൈപ്പ് സ്ഥാപിക്കാന്‍ അനുവദിച്ചത്. പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിന് മുന്നില്‍ നിന്നും സിപിഐ പ്രവര്‍ത്തകന്റെ വീട്ടിലേക്ക് പൈപ്പ് ലൈന്‍ വലിക്കാനാണ് ആദ്യം ശ്രമിച്ചത്.
വിവരമറിഞ്ഞ വാര്‍ഡ് കൗണ്‍സിലര്‍ ഷാഹിത മുഹമ്മദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പണി തടസ്സപ്പെടുത്തുകയായിരുന്നു.
സിപിഐ പ്രവര്‍ത്തകന്റെ വീട്ടിലേക്ക് 300 മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും പകരം ജലക്ഷാമം രൂക്ഷമായ സൈതാലി കോളനി ഉള്‍പ്പെടേയുള്ള ഭാഗത്തേക്ക് വലിക്കുന്ന 300 മീറ്റര്‍ പൈപ്പ് ലൈനിനൊപ്പം ഇത് കൂട്ടിച്ചേര്‍ക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പാടം നികത്തിയ സ്ഥലത്ത് നിര്‍മ്മിച്ച സിപിഐ പ്രവര്‍ത്തകരന്റെ വീടിന് നഗരസഭ നമ്പര്‍ പോലും അനുവദിച്ചിട്ടില്ലെന്നിരിക്കേയാണ് അനധികൃതമായി പൈപ്പ് ലൈന്‍ വലിക്കാന്‍ ശ്രമിക്കുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

RELATED STORIES

Share it
Top