സിപിഐ: തിരഞ്ഞെടുപ്പ് ഇന്ന്

മലപ്പുറം: സിപിഐ സംസ്ഥാന കൗണ്‍സിലിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. സമവായം ഉണ്ടായില്ലെങ്കില്‍ പരസ്യമായ മല്‍സരം തന്നെ ഉണ്ടാവാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. 14 ജില്ലാ കമ്മിറ്റികള്‍ ചര്‍ച്ച നടത്തി സംസ്ഥാന കൗണ്‍സിലിലേക്കുള്ള പ്രതിനിധികളെ നിശ്ചയിക്കുകയാണ് പാര്‍ട്ടി രീതി. പാര്‍ട്ടി സെന്റര്‍ 25ഓളം പ്രതിനിധികളെ നേരിട്ട് നിര്‍ദേശിക്കും. ബാക്കി വരുന്ന സ്ഥാനങ്ങള്‍ പാര്‍ട്ടി അംഗങ്ങളുടെ ശക്തി അനുസരിച്ച് ജില്ലകള്‍ക്ക് വീതിച്ചു നല്‍കുകയാണ് ചെയ്യുക. ജില്ലയില്‍ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുമ്പോള്‍ കാനം, ഇസ്മയില്‍ പക്ഷങ്ങള്‍ തമ്മില്‍ ബലപരീക്ഷണമുണ്ടാവും. അതിലൂടെ കൂടുതല്‍ പ്രതിനിധികളെ കൗണ്‍സിലിലെത്തിക്കാന്‍ ഇരു വിഭാഗവും ശ്രമിക്കും.
സംസ്ഥാന കമ്മിറ്റി വയ്ക്കുന്ന പാനലിനു പുറമെ മറ്റുള്ളവര്‍ മല്‍സരിക്കാന്‍ തയ്യാറായാല്‍ വോട്ടെടുപ്പ് വേണ്ടി വരും. കഴിഞ്ഞ കോട്ടയം സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ കെ ഇ ഇസ്മയില്‍ തീരുമാനിച്ചെങ്കിലും ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ഇത്തവണ കെ ഇ പക്ഷത്തിന്റെ പ്രതിനിധിയായി സി ദിവാകരന്‍ മല്‍സരിക്കാനുള്ള സാധ്യത അധികരിച്ചിരിക്കുകയാണ്.  ദേശീയ സെക്രട്ടേറിയറ്റംഗത്വം നല്‍കി കെ ഇയെ അനുനയിപ്പിക്കാന്‍ സുധാകര്‍ റെഡ്ഡിയും ഡി രാജയും ശ്രമിക്കുമെന്നാണ് സൂചന.
കാനം മാറി ഗ്രൂപ്പുകള്‍ക്കതീതരായ രാജാജി തോമസ്, പി പ്രസാദ്, കെ പി രാജേന്ദ്രന്‍, സി എന്‍ ജയദേവന്‍ എംപി, വി എസ് സുനില്‍കുമാര്‍ എന്നിവരാരെങ്കിലും സെക്രട്ടറിയാവണമെന്നും ഇസ്മയില്‍ പക്ഷം ആവശ്യപ്പെടും. ഇന്നത്തെ തിരഞ്ഞെടുപ്പും ദേശീയ നേതൃത്വത്തിന്റെ നിലപാടുകളും ഇസ്മയിലിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. 89അംഗ കൗണ്‍സിലിനെയാണ് തിരഞ്ഞെടുക്കേണ്ടത്. ഇതില്‍ 20 ശതമാനം പുതുമുഖങ്ങള്‍ ആവണമെന്നും തീരുമാനമുണ്ട്.

RELATED STORIES

Share it
Top