സിപിഐ ഓഫിസ് ആക്രമണം; അഞ്ച് സിപിഎമ്മുകാര്‍ അറസ്റ്റില്‍മയ്യില്‍: സിപിഐ കൊളച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന ഇ കുഞ്ഞിരാമന്‍നായര്‍ സ്മാരക മന്ദിരം അടിച്ചുതകര്‍ത്ത സംഭവത്തില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകരെ മയ്യില്‍ പോലിസ് അറസ്റ്റ് ചെയ്തു. കൊളച്ചേരി സ്വദേശികളായ വി വി സുമേഷ്(36), സി ഷാജി(40), സി ഉമേഷ്(31), പ്രിയേഷ്(36), മനോജ്(42) എന്നിവരെയാണ് മയ്യില്‍ എസ്‌ഐ ബാബുമോനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവസ്ഥലം സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു. അക്രമം ഗൗരവമായാണു കാണുന്നതെന്നും പ്രതികളെ സംരക്ഷിക്കില്ലെന്നും പി ജയരാജന്‍ പറഞ്ഞു. സിപിഎം മയ്യില്‍ ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ, സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ പി സഹദേവന്‍, പി സന്തോഷ് തുടങ്ങിയവരാണു ആക്രമിക്കപ്പെട്ട സിപിഐ, സിപിഎം ഓഫിസുകള്‍ സന്ദര്‍ശിച്ചത്. ആക്രമിക്കപ്പെട്ട ഓഫിസ് സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, ദേശീയ കൗണ്‍സിലംഗം സി എന്‍ ചന്ദ്രന്‍, ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ സി പി സന്തോഷ്‌കുമാര്‍, എ പ്രദീപന്‍, സി പി മുരളി, ജില്ലാ അസി. സെക്രട്ടറിമാരായ കെ ടി ജോസ്, സി പി ഷൈജന്‍, മുന്‍ ജില്ലാ സെക്രട്ടറി സി രവീന്ദ്രന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ വി ബാബു, പി ചന്ദ്രന്‍, വി കെ സുരേഷ്ബാബു, വി ഷാജി, എന്‍ ഉഷ, എന്‍ ബാലന്‍, തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി വി വി കണ്ണന്‍, അഴീക്കോട് മണ്ഡലം സെക്രട്ടറി എം അനില്‍കുമാര്‍, ആന്തൂര്‍ നഗരസഭ കൗണ്‍സിലര്‍ പി കെ മൂജീബുര്‍റഹ്്മാന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് കരിങ്കല്‍ക്കുഴിയില്‍ പ്രകടനവും പൊതുയോഗവും നടന്നു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ വി ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി സന്തോഷ്‌കുമാര്‍, സി പി ഷൈജന്‍, വി കെ സുരേഷ്ബാബു, വി വി കണ്ണന്‍, പി രവീന്ദ്രന്‍ സംസാരിച്ചു. മൂന്നു ദിവസം മുമ്പ് സിപിഎം കൊളച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫിസായ കരിങ്കല്‍ക്കുഴിയിലെ പാടിക്കുന്ന് രക്തസാക്ഷി മന്ദിരത്തിനു നേരെ അക്രമമുണ്ടായിരുന്നു. ഇരുനില കെട്ടിടത്തിന്റെ 12ഓളം ജനലുകള്‍ എറിഞ്ഞുതകര്‍ക്കുകയായിരുന്നു. സാമൂഹിക വിരുദ്ധരാണ് അക്രമം നടത്തിയതെന്നായിരുന്നു സിപിഎം ആരോപണം. അക്രമത്തില്‍ പ്രതിഷേധിച്ച് ടൗണില്‍ സിപിഎം പൊതുയോഗം സംഘടിപ്പിച്ചിരുന്നു. പൊതുയോഗം കഴിഞ്ഞ് മടങ്ങിയ സംഘമാണ് സിപിഐ ഓഫിസില്‍ അക്രമം നടത്തിയത്.

RELATED STORIES

Share it
Top